തൊടുപുഴ: ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ ഫോറം ഫോർ ഡെമോക്രസി എന്ന സംഘടന യു.ഡി.എഫിന് പിന്തുണ നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫും തമ്മിലാണ് മുഖ്യമത്സരം നടക്കുന്നത്. ആർ.എസ്.എസ്- ബി.ജെ.പി ശക്തികൾ മൂന്നാം സ്ഥാനത്ത് മാത്രമാണ്. ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച പാരമ്പര്യമുള്ളതും ഇപ്പോഴും ഇതിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതുമായ പ്രസ്ഥാനം യു.ഡി.എഫാണ്. ഇന്ത്യാ മുന്നണിയിലെ ജനാധിപത്യ മതേതര കക്ഷികൾ നേടുന്ന സീറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചാണ് കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ ജനാധിപത്യ സർക്കാരിന്റെ രൂപീകരണം നടക്കുക. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്ന് യു.ഡി.എഫിന് കിട്ടുന്ന സീറ്റുകൾ വളരെ നിർണ്ണായകമാണ്. ഇക്കാരണം കൊണ്ട് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് പിന്തുണ നൽകാൻ ഫോറം ഫോർ ഡെമോക്രസി തീരുമാനിച്ചു. ഇതിന് വേണ്ടി 19ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ ഫോറം ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ ബോധവത്കരണ ഉപവാസസത്യാഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസി‌ഡന്റ് പി.എം. മാനുവൽ,​ ജോസ് ജോസഫ്‌,​ ജോസ് പാലിയത്ത്,​ ടി.എ. ബാബു,​ എം.സി. മാത്യു എന്നിവർ പങ്കെടുത്തു.