
ചെറുതോണി: വേനൽ കനത്തതോടെ ഹൈറേഞ്ചിലേക്കുള്ള റോഡരികിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇളനീർ വില്പന പൊടിപൊടിക്കുന്നു. ഇടുക്കിയിലെ ഇപ്പോഴത്തെ കൂടിയ താപനില 40 ഡിഗ്രിയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ താപനില കുറവാണെങ്കിലും വഴിയരികിൽ കരിമ്പിൻ ജ്യൂസും ഇളനീരും വിൽക്കുന്നവർക്ക് ഇത് ഉത്സവകാലമാണ് .കരിക്കൊന്നിന് 40 മുതൽ 50 രൂപയും കരിമ്പിൻ ജ്യൂസിന് 30 രൂപയുമാണ് ഈടാക്കുന്നത്. ഇടുക്കി- ചെറുതോണി അണക്കെട്ടിൽ വിനോദഞ്ചാരികൾ സന്ദർശനത്തിന് എത്തി തുടങ്ങിയതോടെ ദിവസം 250ലധികം കരിക്ക് വില്പന നടക്കുന്നുണ്ടെന്ന് കച്ചവടക്കാരിയായ സുലൈഖ പറയുന്നു.