പീരുമേട്: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന് വാഗമൺ അഡ്വഞ്ചർ പാർക്കിൽ പാരാഗ്ലൈഡിംഗ് ഉപയോഗിച്ചത് വേറിട്ട പ്രവർത്തനമായി. തിരഞ്ഞെടുപ്പ് ബോധവത്കരണ വാക്യങ്ങൾ ഗ്ലൈഡിൽ ആലേഖനം ചെയ്തായിരുന്നു പറക്കൽ. 'നത്തിംഗ് ലൈക്ക് വോട്ടിംഗ്", 'വോട്ട് ഫോർ ഷുവർ" എന്നീ വാക്യങ്ങളാണ് എഴുതിയിരുന്നത്. ഭൂമി, ആകാശം, വെള്ളം എന്നിവയിലൂടെ പ്രകൃതിയുമായി ചേർന്ന് പൊതു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ്‌ ബോധവത്കരണ പരിപാടിയായ സ്വീപ്പാണ് നേതൃത്വം നൽകിയത്. ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ് കളക്ടർ അരുൺ എസ്. നായർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഇതുകൂടാതെ തൊടുപുഴ മലങ്കരയിൽ നടത്തിയ റാഫ്‌റ്റിംഗ്, മൂന്നാർ- ബോഡിമേട്ട്‌ റോഡിലൂടെയുള്ള ഡബിൾ ഡക്കർ ബസ് യാത്ര ഇതെല്ലാം ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. പരിപാടിയിൽ ടൂറിസം വകുപ്പ് അധികൃതർ, വാഗമൺ ഡി.ടി.പി.സി അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.