
നെടുങ്കണ്ടം: മലേറിയ ബാധിച്ച് കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചു. അസം സ്വദേശിയായ സുമിത്രയാണ് (20) മരിച്ചത്. നെടുങ്കണ്ടം സന്യാസിയോടയിലെ എലത്തോട്ടത്തിൽ അഞ്ച് ദിവസം മുമ്പാണ് ഭർത്താവ് നിക്കോളാസിനൊപ്പം സുമിത്ര ജോലിയ്ക്കായി എത്തിയത്. പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എഴോടെ മരിക്കുകയായിരുന്നു. അസമിൽ നിന്നെത്തിയ സുമിത്ര നാട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ അസുഖ ബാധിതയായിരുന്നെന്നും ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സുമിത്രയുടെ ഭർത്താവ് നിക്കോളാസിനും മലേറിയ സ്ഥിതീകരിച്ചിട്ടുണ്ട്. മരിച്ച യുവതി താമസിച്ചിരുന്ന സന്യാസിയോടയിൽ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു. തൊഴിലാളികൾക്ക് കൊതുക് വലയും വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ മെഡിക്കൽ ക്യാമ്പിൽ 56 അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മുണ്ടിയെരുമയിലെ പൊതു ശ്മശാനത്തിൽ സംസ്‌കരിക്കും.