മൂന്നര പതിറ്റാണ്ട് മുമ്പ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രാന്തപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളത്തിനും ജലസേചനത്തിനുമായി ആരംഭിച്ച കനാൽ ശൃംഖലയാണ് മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി.ഐ.പി). തൊടുപുഴയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ മലങ്കര അണക്കെട്ടിൽ നിന്ന് ആരംഭിക്കുന്നതാണ് ഈ കനാൽ. മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കരയുടെ പ്രധാന ജലസ്രോതസ്. പദ്ധതിയുടെ ഭാഗമായി ഇടത് കര, വലത് കര എന്നിങ്ങനെ രണ്ട് കനാലുകളാണുള്ളത്. ഇടതുകര കനാലിന് 37 കിലോമീറ്ററും വലതുകരയ്ക്ക് 28 കിലോമീറ്ററും നീളമുണ്ട്. ഇരു കനാലുകൾക്കും മറ്റിടങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി നിരവധി ചെറു പോഷക കനാലുകളുമുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം എന്നീ നിയമസഭാ മണ്ഡലങ്ങളിലുള്ള ലക്ഷണക്കണക്കിന് ജനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. വേനൽക്കാലത്ത് കനാൽ ജലമാണ് സമീപ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ജലസ്രോതസുകളുടെയും കൃഷിഭൂമികളുടെയും ജീവനാഡി. നിരവധി ചെറുതും വലുതുമായ തോടുകൾ, കുളങ്ങൾ, പതിനായിരക്കണക്കിന് കിണറുകൾ എന്നിവയിലെല്ലാം കനാൽ തുറക്കുന്നതോടെയാണ് വെള്ളം എത്തുന്നത്. രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ലക്ഷക്കണക്കിന് ആളുകൾ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. വേനൽക്കാലത്ത് കുളിക്കുന്നതിനും മറ്റും കനാൽ ജലം ഉപയോഗിക്കാൻ സമീപ പഞ്ചായത്തുകളിൽ നിന്ന് പോലും ജനങ്ങളെത്താറുണ്ട്.


ഒരാഴ്ചയ്ക്കിടെ രണ്ട് മരണം

ചുട്ടുപൊള്ളുന്ന വേനലിൽ മനസും ശരീരവും തണുപ്പിക്കാൻ ആയിരങ്ങളാണ് ഈ കനാലുകളിൽ നീന്താനും കുളിക്കാനുമെത്തുന്നത്. എന്നാൽ പലപ്പോഴും ഇവിടെ പതിയിരിക്കുന്ന അപകടം ആരും കാണാറില്ല. ഓരോ വർഷവും കനാലിൽ ഒരാളെങ്കിലും മുങ്ങി മരിക്കുന്നത് പതിവാണ്. ഈ വർഷം രണ്ട് യുവാക്കളുടെ ജീവനാണ് ഒരാഴ്ചയ്ക്കിടെ ഇവിടെ പൊലിഞ്ഞത്. കനാലിൽ ഇറങ്ങുന്നത് അപകടകരമാണെന്നു മുന്നറിയിപ്പ് ഉണ്ടെങ്കിലും യുവാക്കളുടെ സംഘങ്ങൾ ഇത് വകവയ്ക്കാറില്ല. നദികളിലും കടലിലും നീന്തൽ വശമുള്ളവർക്കു പോലും കനാലിന്റെ ചില മേഖലകളിൽ നീന്തൽ ദുർഘടമാണ്. മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സമയത്ത് കൂടുതൽ വെള്ളം കനാലിലൂടെ തുറന്നുവിടാറുണ്ട്. അതിനാൽ ജലനിരപ്പ് ഉയരുന്നത് പലപ്പോഴും അറിയാനാകില്ല. രാത്രികാലങ്ങളിലാണ് സാധാരണ ജലനിരപ്പ് ഉയരുന്നത്. ചിലയിടങ്ങളിലെ കുത്തൊഴുക്കും വശങ്ങളിൽ പിടിക്കാൻ സൗകര്യം ലഭിക്കാത്തതും അപകടത്തിന്റെ ആഴം കൂട്ടും. വിജനമായ സ്ഥലങ്ങളിലാണ് അത്യാഹിതം ഉണ്ടാകുന്നതെങ്കിൽ രക്ഷാപ്രവർത്തനം വളരെ വൈകും. അക്വാഡേറ്റുള്ള സ്ഥലങ്ങളിൽ കുടുങ്ങിയാൽ കണ്ടെത്തുക തന്നെ പ്രയാസമാണ്. അതിനാൽ അറിഞ്ഞുകൊണ്ട് അപകടം ക്ഷണിച്ചു വരുത്തരുതെന്ന് പൊലീസും അഗ്നിരക്ഷാ വിഭാഗങ്ങളും ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നു.

കരയിലിരുന്ന് മദ്യപാനം,​

ശേഷം വെള്ളത്തിൽ

മദ്യമയക്കുമരുന്ന് മാഫിയയുടെ വിഹാരകേന്ദ്രമായി എം.വി.ഐ.പി.യുടെ കനാലുകൾ മാറി. അക്വഡേറ്റ് പാലത്തിന് സമീപവും മറ്റ് ആൾതാമസമില്ലാത്ത സ്ഥലങ്ങളും മദ്യ- മയക്കുമരുന്ന് മാഫിയകളുടെ വിഹാരകേന്ദ്രമാണ്. കനാലിൽ സമീപത്തെ പാലത്തിലും റോഡരികിലുമിരുന്ന് മദ്യപിച്ച ശേഷം വെള്ളത്തിലിറങ്ങി നീന്തുന്നതും കുളിക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. കനാലിൽ മുങ്ങിമരിക്കുന്നവരിൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. കനാലിന് സമീപം താമസിക്കുന്നവർ പ്രദേശത്തിരുന്ന് മദ്യപിക്കരുതെന്ന് പറഞ്ഞാൽ അവരോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും പതിവാണ്. മുമ്പ് ഇത്തരത്തിൽ കനാലിന് സമീപത്തെ ഒരു വീടിന് നേരെ രണ്ട് തവണ സാമൂഹ്യവിരുദ്ധർ മദ്യകുപ്പിയും കല്ലുമെറിഞ്ഞിരുന്നു. പട്ടാപ്പകൽ ഓട്ടോറിക്ഷയിലെത്തിയ മൂവർ സംഘം കനാലിന് സമീപമുള്ള വീട് കുത്തിപൊളിക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അയൽവാസികളെത്തിയപ്പോൾ സംഘം സ്ഥലം വിട്ടു. ഒരാഴ്ച മുമ്പാണ് കനാലിന് സമീപം രണ്ട് പേർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് കാലൊടിച്ച ശേഷം ബാഗും മൊബൈൽ ഫോണും തട്ടിയെടുത്തത്. പൊലീസ് പരിശോധന ശക്തമാക്കിയാൽ കനാലിന് ഓരത്തുള്ള മദ്യപാനവും മദ്യപിച്ച് വെള്ളത്തിലിറങ്ങി അപകടത്തിൽപ്പെടുന്നതും ഒരു പരിധി വരെ തടയാനാകും.