ഇടുക്കിയിലെ ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ജലാശയങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന പരിചയ സമ്പന്നരായവർ പോലും പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപ്പെടുന്നുണ്ട്. മറഞ്ഞിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊഴിയിടുന്നത്. താഴ്ചയും അഗാധങ്ങളിലെ കൊടുംതണുപ്പും മൂലം പലപ്പോഴും രക്ഷാ പ്രവർത്തനവും ദുഷ്‌കരമാകാറുണ്ട്. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാൻ കഴിയാതെയാണ് പലരുടെയും ജീവൻ നഷ്ടമാകുന്നത്. നീന്തൽ അറിയാവുന്നവരുടെയും ജീവൻ ഇത്തരത്തിൽ പൊലിഞ്ഞിട്ടുണ്ട്. 2020ലെ ക്രിസ്തുമസ് ദിനത്തിൽ സിനിമാ നടൻ അനിൽ നെടുമങ്ങാട് ഇത്തരത്തിൽ മരണപ്പെട്ടയാളാണ്. നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്ത 'പീസ്' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായിരുന്നു അനിൽ തൊടുപുഴയിലെത്തിയത്. ക്രിസ്മസ് ദിവസം വൈകിട്ട് തൊടുപുഴയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മലങ്കര ടൂറിസം ഹബിലെത്തിയ അനിലും രണ്ട് സുഹൃത്തുക്കളും സമീപത്തെ ഒരു ചെറിയ കടവിൽ കുളിക്കുമ്പോഴായിരുന്നു അപകടം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മലങ്കര സ്വദേശിയായ ഷിനാജ് മിനിട്ടുകൾക്കകം സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് അനിലിനെ പുറത്തെടുത്തു. അനിലിന്റെ വാഹനത്തിൽ തന്നെ സുഹൃത്തുക്കളും പൊലീസുകാരനും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിലിന് നന്നായി നീന്തൽ അറിയാമായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നു.


അറിയാത്ത

വെള്ളത്തിൽ ഇറങ്ങരുത്

നന്നായി നീന്തൽ അറിയാമെന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്നത് അടിയൊഴുക്കേറിയ കയങ്ങളിലാണെങ്കിലോ? മുങ്ങിമരണങ്ങളിലേറെയും ഇങ്ങനെയാണ്. പല വിധത്തിൽ പുഴകൾ അപകടക്കെണിയാകാം. പല പുഴകളും പുറമേ നിന്നു കാണുമ്പോൾ ആഴം കുറഞ്ഞവയായി തോന്നാം. പക്ഷേ, മണലൂറ്റൽ മൂലം രൂപപ്പെട്ട കുഴികൾ അപകടത്തിൽപെടുത്താം. ഇത്തരം ഗർത്തങ്ങളിൽ കുടുങ്ങിയാൽ പിന്നെ രക്ഷയില്ല. വല്ലാത്ത അടിയൊഴുക്കും ഇവിടങ്ങളിലുണ്ടാകും. പുറമെ പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാകുമെന്നു കരുതിയിറങ്ങി അപകടത്തിൽപെടുന്നവരുമേറെയാണ്. പുല്ലിന് താഴെ ആഴക്കയമാണെങ്കിൽ നീന്തി രക്ഷപ്പെടാൻ പോലും കഴിയില്ല. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവയും അപകടമുണ്ടാക്കും. എത്ര നന്നായി നീന്തൽ അറിയാമെങ്കിലും ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്.

ലഹരി മുക്കിക്കൊല്ലും

അകത്തും പുറത്തും വെള്ളമെന്ന മട്ടിൽ മദ്യപിച്ച് ജലക്രീഡയ്ക്കിറങ്ങരുത്. ലഹരിപ്പുറത്തു പരിചയമില്ലാത്ത പുഴകളിലിറങ്ങുമ്പോൾ മരണം കൂടെ മുങ്ങാങ്കുഴിയിടുന്നുണ്ടെന്ന് ഓർക്കുക. സുഹൃത്തുക്കളുടെ മുന്നിൽ ധീരത കാട്ടാനുള്ള ശ്രമം ചിലപ്പോൾ അപകടത്തിലാക്കാം.

നീന്തൽ അറിയില്ലെങ്കിൽ കരയ്ക്കിരിക്കൂ

നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ഒരുകാരണവശാലും പുഴയിലിറങ്ങരുത്. നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവൻ കൂടി അപകടത്തിലാകും. വെള്ളത്തിൽ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവർ അപകടത്തിൽപ്പെടുന്നത്.

ഒഴിഞ്ഞ പാറമടകൾ അപകടക്കെണി

ഖനനം കഴിഞ്ഞാൽ പാറമടകൾ ഉപേക്ഷിക്കുകയാണ് പതിവ്. അവിടെയുള്ള ജലത്തിൽ മുങ്ങിമരണങ്ങൾ സാധാരണമാണ്. വേനൽ കാലത്ത് പോലും ധാരാളം ജലമുള്ള നിരവധി പാറമടകൾ നമ്മുടെ നാട്ടിലുണ്ട്. അവയൊക്കെ ഉപയോഗയോഗ്യമാക്കി ജലസേചനം നടത്തുന്നതിൽ തെറ്റില്ലായിരിക്കാം. എന്നാൽ അവയുടെ അപകടസാദ്ധ്യത ചെറുതല്ല. (തുടരും)