റോഡപകടത്തിന്റെ കാര്യത്തിൽ കേരളത്തിൽ സുരക്ഷയ്ക്ക് കമ്മിറ്റികളുണ്ട്, ഫണ്ട് ഉണ്ട്, റോഡ് സേഫ്‌റ്റി വകുപ്പുണ്ട്, നിരവധി ബോധവത്കരണ പരിപാടികളുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം, ഏതൊക്കെ മാസങ്ങളിലാണ് കൂടുതൽ അപകടം നടന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കേരളാ പൊലീസിന്റെ വെബ്‌സൈറ്റിലുണ്ട്. പക്ഷേ, മുങ്ങിമരണത്തിന്റെ കാര്യത്തിൽ ഇതൊന്നുമില്ല. മുങ്ങിമരണം കേരളത്തിലെ സുരക്ഷാനിർവഹണ രംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നില്ല എന്നതോ പോട്ടെ, ഇതിനെതിരെ ബോധവത്കരണം നടത്താൻ റോഡ് സുരക്ഷാ അതോറിട്ടി പോലെ ഒരു അതോറിട്ടിയോ റോഡ് സുരക്ഷയ്ക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്തിന് ഒരു ജലസുരക്ഷാ പദ്ധതി എത്ര അത്യന്താപേക്ഷിതമാണെന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. നീന്തൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഇനിയും വൈകരുത്. വെള്ളത്തിൽ വീഴുന്നവർക്ക് പ്രഥമശുശ്രൂഷ നൽകാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. അപകടസ്ഥലത്ത് വെറും കാഴ്ചക്കാരായി നിന്ന് ഫോട്ടോയും വീഡിയോയും എടുക്കുന്നവരായി മാത്രം നമ്മുടെ യുവാക്കൾ അധഃപതിക്കരുത്. പൊതുജനം ജലാശയങ്ങളിലെ സുരക്ഷിതമില്ലാത്ത ഇടങ്ങളിൽ ഇറങ്ങാൻ അധികൃതർ അനുവദിക്കരുത്. ഇതിനെല്ലാം സർക്കാർ മുൻകൈയെടുക്കും വരെ മുങ്ങിമരണങ്ങൾക്ക് അവസാനമുണ്ടാകില്ല.

സ്കൂബാ ടീം തൊടുപുഴയിൽ മാത്രം

ജില്ലയിൽ ഫയർഫോഴ്സിന് തൊടുപുഴയിൽ മാത്രമാണ് സർവസജ്ജമായ സ്കൂബാ ടീം പ്രവർത്തിക്കുന്നത്. സ്കൂബാ വാൻ,​ ഡിങ്കി ബോട്ട്, പരിശീലനം ലഭിച്ച സ്‌കൂബാ ടീം, സ്‌കൂബ സെറ്റുകൾ എന്നിവയടക്കമുള്ള സൗകര്യം തൊടുപുഴ സ്റ്റേഷനിൽ മാത്രമാണുള്ളത്. ഇടുക്കി,​ പീരുമേട്,​ കട്ടപ്പന എന്നീ സ്റ്റേഷനുകളിൽ ഡിങ്കി ബോട്ടുണ്ടെങ്കിലും പരിശീലനം ലഭിച്ച ഡൈവർമാർ കുറവാണ്. ഇതുമൂലം ഹൈറേഞ്ചിൽ എവിടെയെങ്കിലും അത്യാഹിതം സംഭവിച്ചാൽ തൊടുപുഴ നിന്ന് സ്കൂബാ ടീമെത്തിയിട്ട് വേണം രക്ഷാപ്രവർത്തനം നടത്താൻ. മുങ്ങിമരണങ്ങളും ഉരുൾപൊട്ടലും മണ്ണിടിച്ചിലും പോലുള്ള അത്യാഹിതങ്ങൾ പതിവായ ഹൈറേഞ്ചിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സ്കൂബാ ടീം അത്യന്താപേക്ഷിതമാണ്.


നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം

നീന്തൽ പോലുള്ള അതിജീവന പാഠങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കാൻ ഒട്ടും വൈകികൂടാ. നാലുവയസിന് മുമ്പ് നീന്തൽ പഠിച്ചാൽ കുട്ടികളിലെ മുങ്ങി മരണം 80 ശതമാനത്തിൽ കൂടുതൽ കുറയ്ക്കാമെന്നാണ് പഠനങ്ങൾ. ഒരു വയസിൽ തന്നെ നീന്തൽ പഠിപ്പിക്കാൻ കഴിയുമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ആറ് വയസിലാണ് മിക്കയിടങ്ങളിലും നീന്തൽ പഠിപ്പിക്കാൻ തുടങ്ങുന്നത്. കുത്തിയൊലിക്കുന്ന നീരൊഴുക്കുള്ള സ്ഥലങ്ങൾ, അടിയൊഴുക്കുള്ള സ്ഥലങ്ങൾ എന്നിങ്ങനെ എവിടെയെല്ലാം നീന്തരുത് എന്ന് കൂടി പഠിപ്പിക്കണം. മുന്നറിയിപ്പുകൾ അനുസരിക്കാനും പ്രത്യേകം പരിശീലനം നൽകണം. ജലസമ്പർക്കം ഒഴിവാക്കേണ്ട അവസരങ്ങളെ കുറിച്ച് അറിവുണ്ടാകുക എന്നത് പ്രധാനമാണ്. സന്നദ്ധസംഘടനകളിലൂടെയും നീന്തൽ പരിശീലനം നടത്താവുന്നതാണ്. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതിയ്ക്ക് ഇപ്പോൾ തുടക്കംകുറിച്ചുട്ടുണ്ടെന്നത് ശുഭകരമാണ്. ഇതോടൊപ്പം അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിലും മദ്യപിച്ചും മറ്റും വെള്ളത്തിൽ ഇറങ്ങരുതെന്ന് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ഇതിന് തദ്ദേശസ്ഥാപനങ്ങളാണ് മുൻകൈയെടുക്കേണ്ടത്.