അടിമാലി: ആറ് ദിവസം മുൻപ് കാണാതായ യുവതിയെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളത്തൂവൽ കൊന്നത്തടി പുരയിടം സിറ്റി കാരക്കാട്ട് തോമസിന്റെ മകൾ ആൻസി ( 48) യെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളത്തൂവൽ പൊന്മുടി റോഡിൽ വിമല സെറ്റിക്ക് സമീപം റോഡിൽ നിന്നും 25
മീറ്റർ താഴെ മരച്ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. 13ന് വൈകുന്നേരത്തോടെയാണ് യുവതിയെ കാണാതായത്. അമ്മ റജീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ15ന് വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിവന്നിരുന്ന അന്വേഷണത്തിലാണ് ഇന്നലെ ഉച്ചയോടെ പൊലീസ് തന്നെ മൃതദേഹം കണ്ടെത്തിയത്. അമ്മയും മകളും തനിച്ചാണ് താമസം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ്.റോഡിൽ നിന്നും കാല് തെന്നി താഴ്ചയിലേക്ക് വീണതാവാം മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മൃതദേഹം കിടന്ന സ്ഥലം വലിയ മൺതിട്ടയാണ്.സംഭവത്തിൽ അസ്വഭാവികതൊന്നും പ്രാഥമിക പരിശോധനയിൽ പൊലീസിന് കണ്ടെത്താനായിട്ടില്ല. .യുവതി അവിവാഹിതയാണ്.മൃതദേഹം പ്രാഥമിക നടപടികൾ പൂർത്തിയാക്കി അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.