തൊടുപുഴ: കൊടും ചൂടിന് ആശ്വാസമായി ജില്ലയിൽ ഇന്നലെ വേനൽ മഴയെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക്‌ ശേഷമാണ് മഴപെയ്തത്. ചിലയിടങ്ങളിൽ ചാറ്റൽ മഴയുണ്ടായി. എന്നാൽ ജില്ലയിൽ തൊടുപുഴ ഉൾപ്പെടെയുള്ള പല ഭാഗത്തും നല്ല മഴ പെയ്തു. ആഴ്ചകളോളമായി അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കഠിനമായ ചൂടാണ് ജില്ലയിലെമ്പാടും അനുഭവപ്പെട്ടിരുന്നത്. ഇതിനിടയിലാണ് വേനൽ മഴ പെയ്തത്. ശക്തമായ മഴ ലഭിക്കാത്തതിനാൽ തന്നെ ഇത്തരം ചാറ്റൽ മഴ ചൂട് കൂടാനും കിണറുകളിൽ വെള്ളം താഴാനും കാരണമായേക്കും. അടുത്ത ദിവസം തന്നെ ശക്തമായ മഴ എല്ലായിടത്തും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.