മുട്ടം: നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട പ്ലാശനാൽ കാനാട്ട് ശ്രീജിത്താണ് (37) കോട്ടയം വേസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇയാൾ മുട്ടം കുരിശ് പള്ളിക്ക് സമീപത്തുള്ള ഉസ്താദ് ഹോട്ടലിൽ നിന്ന് മൊബൈൽ ഫോണും ഫുഡ് ലാൻഡ് ഹോട്ടലിൽ നിന്ന് 3000 രൂപയും മോഷ്ടിച്ചിരുന്നു. മാർച്ച് ഒമ്പതിന് പുലർച്ചെയാണ് മോഷണം നടത്തിയത്. മുട്ടം പൊലീസ് നടത്തിയ പരിശോധയിൽ ഹോട്ടലിലെ നിരീക്ഷണ കാമറയിലെ ദൃശ്യത്തിൽ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ മറ്റൊരു കേസിൽ ഇയാൾ കഴിഞ്ഞ ദിവസം കോട്ടയം വേസ്റ്റ് പൊലീസിന്റെ പിടിയിലായി. മുട്ടത്തെ സംഭത്തിന്റെ തെളിവെടുപ്പിന് വേണ്ടി ഇയാളെ ഇന്നലെ മുട്ടം പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, മുരിക്കാശ്ശേരി എന്നീ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്. നിരവധി കേസുകളിൽ ഇയാൾ 10 വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ കയറി നിർമാണ സാമഗ്രികൾ മോഷ്ടിക്കുക എന്നുള്ളതാണ് ഇയാളുടെ രീതി.