kseb

ചെറുതോണി: പ്രളയ സമയത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്ക് താത്കാലികമായി വാഴത്തോപ്പിൽ താമസിക്കാനൊരുക്കിയ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾ,​ വീടും സ്ഥലവും അനുവദിച്ച് കിട്ടിയിട്ടും പലരും അനധികൃതമാക്കി കൈവശം വച്ചിരിക്കുന്നതായി പരാതി. ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശത്തുമായി നൂറുകണക്കിന് പേർക്കാണ് പ്രളയകാലത്ത് വീട് നഷ്ടമായത്. തുടർന്ന് വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലുള്ള ഒഴിവായി കിടക്കുന്നതും കേടുപാടുകൾ സംഭവിച്ചതുമായ കെട്ടിടങ്ങൾ വാസയോഗ്യമാക്കിയും വൈദ്യുതി കണക്ഷൻ നൽകിയും ദുരിതബാധിതരെ പുനരധിവസിപ്പിക്കുകയായിരുന്നു. വൈദ്യുതി ബോർഡ് ദുരിതബാധിതരിൽ നിന്ന് വാടക ഈടാക്കാതെ സൗജന്യമായാണ് ക്വാർട്ടേഴ്സ് വിട്ടുകൊടുത്തിരുന്നത്. പ്രദേശത്തെ പൊതുപ്രവർത്തകരുടെ നേതൃത്വത്തിലാണ് താമസ സൗകര്യം സജ്ജീകരിച്ചത്. എന്നാൽ ലൈഫ് പദ്ധതിയിലും പ്രളയാനന്തര പദ്ധതിയിലും പെടുത്തി സ്ഥലവും വീടും അനുവദിച്ച ശേഷവും ക്വാർട്ടേഴ്സുകൾ ഒഴിവാകാതെ പലരും കൈവശം വച്ചിരിക്കുകയാണ്. താമസ സൗകര്യം അന്വേഷിച്ച് എത്തിയ പുറമെ നിന്നുള്ളവർക്ക് മറിച്ച് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കുടുംബമായി താമസിക്കാൻ വീടും സ്ഥലവും അന്വേഷിച്ച് വലയുന്ന സാഹചര്യത്തിലാണ് ഈ അനധികൃത നടപടി. വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലെ ക്വാർട്ടേഴ്സുകളിൽ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നവരെയും കൈവശം വച്ചിരിക്കുന്നവരെയും ഒഴിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.