kattana
കാട്ടാന

പീരുമേട് :വീണ്ടും കാട്ടാനകൾ ജനവാസമേഖലയിൽ എത്തി , കൃഷിവിളകളും, കുടിവെള്ള ടാങ്ക് ഉൾപ്പെടെയുള്ളവ നശിപ്പിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി പീരുമേട്ടിലെ ജനവാസമേഖലയിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കൂട്ടമായി എത്തുന്ന കാട്ടാനകൾ രാത്രി സമയങ്ങളിൽ ജനവാസമേഖലയിൽ ഇറങ്ങി കൃഷിയിടത്തിൽ വ്യാപക നാശമാണ് വരുത്തുന്നത്.

കാട്ടാനകൾ നിരന്തരമായി ജനവാസമേഖലയിൽ ഇറങ്ങുന്നതോടെ നാട്ടുകാർ ആശങ്കയിലാണ്. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാട്ടാനകളെ തുരത്താനുള്ള ശാശ്വത നടപടി ഉണ്ടാകാത്തത് വലിയ പ്രതിഷേധത്തിലാണ് ഇടയാക്കുന്നത്.

ഉൾക്കാട്ടിൽ നിന്ന് കാട്ടാനകൾ ജനവാസമേഖലയിൽ എത്താതിരിക്കാൻ സൗരോർജ്ജവേലി നിർമ്മിച്ചാൽ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകും എന്നാൽ ഇക്കാര്യങ്ങൾക്കൊന്നും നടപടികൾ ഉണ്ടാകുന്നില്ല .
ഓരോ തവണ കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുമ്പോഴും വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് തുരത്തി വിടുന്നതല്ലാതെ മറ്റ് നടപടികൾ ഒന്നും ചെയ്യുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. പകൽ ജനവാസമേഖലക്ക് സമീപം നിലയുറപ്പിച്ചശേഷം രാത്രി സമയങ്ങളിൽ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ് ഇവയുടെ പതിവ് രീതി.നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാനകൾ .പീരുമേട്ടിലെ സർക്കാർ അതിഥി മന്ദിരം, ഐ.എച്ച്.ആർഡി സ്‌കൂൾ, സബ് ട്രഷറി, എക്‌സൈസ് ഓഫീസ്, എന്നിവ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നമേഖലയിലാണ് കാട്ടാനകൾ ഇറങ്ങിയിരിക്കുന്നത് .നിരവധി ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ്.