ഇടുക്കി: വണ്ടിപ്പെരിയാർ പച്ചക്കാനത്തെ ബൂത്തിൽ പോളിംഗ് ആരംഭിച്ചാൽ അരമണിക്കൂറിനകം മുഴുവൻ വോട്ടും പെട്ടിയിലാകും. കാരണം ഇവിടെ ആകെയുള്ളത് 38 വോട്ടർമാരാണ്. കേരളത്തിലെ തന്നെ ഏറ്റവും ചെറിയ പോളിംഗ് ബൂത്തുകളിലൊന്നാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന 106- നമ്പർ പച്ചക്കാനം ബൂത്ത്. കുമളി പഞ്ചായത്തിലെ തേക്കടി വാർഡിന്റെ ഭാഗമാണിത്. പച്ചക്കാനം ബൂത്തിലെത്തണമെങ്കിൽ വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി 35 കലോമീറ്റർ സഞ്ചരിക്കണം. പോളിംഗിനുള്ള ഉദ്യോഗസ്ഥർ തലേദിവസം തന്നെ സ്ഥലത്തു പോയി ക്യാമ്പു ചെയ്യുകയാണ് പതിവ്. പ്രദേശത്ത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ല ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തമിഴ് വംശജരാണ് പച്ചക്കാനം ബൂത്തിലെ വോട്ടർമാർ. ഇവരിൽ ഭൂരിഭാഗവും ഇപ്പോൾ തമിഴ്നാട്ടിലാണ്. കഴിഞ്ഞ നിയമസഭാ,​ ലോക്സഭാ തിര‌ഞ്ഞെടുപ്പുകളിൽ 21 പേരാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് വെരിഫിക്കേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പച്ചക്കാനം പോളിംഗ് ബൂത്ത് സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി.