തൊടുപുഴ: പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ വിധിയിന്മേൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി കർഷകർക്കെതിരെ വിധി സമ്പാദിച്ച സംഭവം അത്യന്തം ഗുരുതരവും നിർഭാഗ്യകരവുമാണെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു. പട്ടയ ഭൂമി പതിച്ചു നൽകിയ സമയത്ത് അതിൽ ഉണ്ടായിരുന്നതും പിന്നീട് വളർന്നതുമായ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് അനുകൂലമായി കേരള ഹൈക്കോടതിയിൽ നിന്ന് കൈവശ കർഷകർക്ക് ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് അപ്പീൽ നൽകി. ഈ അപ്പീൽ വാദം കേട്ട സുപ്രീം കോടതി 1993ലെ വനഭൂമി പതിച്ചു നൽകൽ നിയമപ്രകാരം ഉൾപ്പെടെ പട്ടയം ലഭിച്ച ഭൂമിയിൽ വളർന്ന മരങ്ങൾ മുറിക്കാൻ കർഷകർക്ക് അധികാരമില്ല എന്ന് വിധിച്ചിരിക്കുകയാണ്. പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ കർഷകർക്ക് അവകാശമുണ്ടെന്നും ഇതിന് സംസ്ഥാന സർക്കാർ അനുകൂലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നിരന്തരം സമരം നടത്തിയിരുന്നു. എന്നാൽ മരം മുറിക്കൽ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതിനെതിരെയുള്ള സമരങ്ങളെ തുടർന്ന് മരം മുറിക്കാൻ തടസ്സമില്ലെന്ന് സംസ്ഥാന സർക്കാർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായി സർക്കാർ കർഷകർക്ക് അനുകൂലമായി ലഭിച്ച ഉത്തരവ് റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ചത് ജനവഞ്ചനയാണ്. ഈ സംഭവത്തിലൂടെ സംസ്ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നയം ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണെന്ന് എം. ജെ. ജേക്കബ് പറഞ്ഞു.