ഇടുക്കി : ലോക് സഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് മുഖേന വോട്ടിംഗ് രേഖപ്പെടുത്തുന്നതിനായി ഇന്ന് രാവിലെ 9 മുതൽ വൈകന്നേരം 5 വരെ അതാത് നിയോജക മണ്ഡലങ്ങളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡുമായി സെന്ററുകളിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്. കൂടാതെ 23, 24 തീയതികളിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ / പൊലീസ് ഉദ്യോഗസ്ഥർ / തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള മറ്റ് ജീവനക്കാർ എന്നിവർക്കും കളക്ട്രേറ്റിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 9 മണി മുതൽ വൈകന്നേരം 5 മണി വരെ പോസ്റ്റൽ വോട്ടിംഗ് സൗകര്യം വിനിയോഗിക്കാവുന്നതാണ്. യഥാസമയം പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത പോളിംഗ് ഡ്യൂട്ടി ഉള്ള ജീവനക്കാർക്ക് ഡ്യൂട്ടിക്ക് നിയോഗിച്ച അതാത് നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിൽ 25 രാവിലെ 8 മുതൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടാത്ത എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ജോലികൾക്കായി നിയമിതരായ, പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയ പൊലീസ്, വീഡിയോഗ്രാഫർ, വാഹനങ്ങളിലെ ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് 25 ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കളക്ടറേറ്റിൽ പ്രത്യേകം സജ്ജീകരിച്ച വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലും വോട്ട് രേഖപ്പെടുത്താവുന്നതാണ്.