തൊടുപുഴ: ഒടുവിൽ ആ ഭീതി സത്യമായി, കരിങ്കുന്നം ഇല്ലിചാരിയിൽ ദിവസങ്ങൾക്ക് മുമ്പ് നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് (ലെപ്പേർഡ്) സ്ഥിരീകരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോ റേഞ്ച് മേഖലയിൽ പുലിയിറങ്ങുന്നത് അപൂർവമാണ്. ആക്രമണമുണ്ടായ സ്ഥലങ്ങളിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് ഇതിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രദേശത്തുള്ളത് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 22നും 23നുമാണ് കരിങ്കുന്നം പഞ്ചായത്ത് അഞ്ചാം വാർഡായ ഇല്ലിചാരിയിൽ 15 വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത്. ചിറ്റാനപ്പാറ സാബു, കല്ലുവേലിൽ മനോജ്, മാടപ്പാട്ട് സണ്ണി എന്നിവരുടെ മൃഗങ്ങളാണ് ചത്തത്. സാബുവിന്റെ രണ്ട് ആട്, ഒരു നായ എന്നിവയെയും മനോജിന്റെ രണ്ട് നായ, ഒരു മുയൽ, രണ്ട് കോഴി, സണ്ണിയുടെ ഒരു ആട്, അഞ്ച് നായകൾ എന്നിവയെയാണ് നഷ്ടപ്പെട്ടത്. പുലിയെ കൂടുവച്ച് പിടിക്കാൻ തിരുവനന്തപുരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഓഫീസിൽ നിന്ന് അനുമതി ചോദിച്ചിട്ടുണ്ട്. ഇന്ന് അനുമതി ലഭിച്ചേക്കുമെന്നാണ് വിവരം. അനുമതി ലഭിച്ചാൽ ഇന്ന് തന്നെ കൂട് സ്ഥാപിക്കും. കൂട് സ്ഥാപിക്കുന്നതിന് മുന്നോടിയായി എൻ.പി.സി.എയുടെ മാനദണ്ഡപ്രകാരം ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. തോമസ്, ഡി.എഫ്.ഒ, റേഞ്ച് ഓഫീസർ, വെറ്ററിനറി ഡോക്ടർ, സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ എന്നിവരടങ്ങുന്ന കമ്മിറ്രിയാണ് രൂപീകരിച്ചത്. അതേസമയം പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ജനങ്ങൾക്ക് ഭീതി കൂടാതെ കഴിയാനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
പുലിമടയും കണ്ടെത്തി
പുള്ളിപ്പുലിയുടേതെന്ന് സംശയിക്കുന്ന മട കണ്ടെത്തി. ഇല്ലിചാരി അമ്പലപടിയുടെ മുകളിൽ പാറയുടെ താഴെയാണ് പ്രദേശവാസികൾ മട കണ്ടെത്തിയത്. രൂക്ഷമായ ഗന്ധവും ഈ ഭാഗത്തുണ്ട്. ഇവിടെയാണ് പുള്ളിപുലി കഴിയുന്നതെന്നാണ് സംശയം. ഇന്നലെ ഇവിടെയും വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. പുലി എവിടെ നിന്ന് വന്നുവെന്ന് സംബന്ധിച്ച് വനംവകുപ്പിനും വ്യക്തതയില്ല.
രണ്ടെണ്ണമുണ്ടെന്ന് സംശയം
പുള്ളിപുലികൾ രണ്ടെണ്ണമുണ്ടെന്ന സംശയവുമുണ്ട്. ക്യാമറയിൽ പതിഞ്ഞ പുള്ലിപ്പുലിയല്ല തങ്ങൾ കണ്ടതെന്നാണ് പലപ്പോഴായി ജീവിയെ നേരിട്ട് കണ്ടവർ പറയുന്നത്. ഇതാണ് സംശയമുയരാൻ കാരണം.
2009ൽ തൊടുപുഴ ടൗണിൽ പുലിയിറങ്ങി
തൊടുപുഴയിൽ ഇതിന് മുമ്പും പുള്ലിപ്പുലിയെ കണ്ടെത്തിയിട്ടുണ്ട്. 2009 ഡിസംബറിൽ തൊടുപുഴ ടൗണിൽ ഇറങ്ങിയ പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെ പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് അന്ന് പരിക്കുമേറ്റിരുന്നു. ഡിസംബർ 17ന് രാവിലെ 7.30 ഓടെയാണ് പുലിയിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. നഗരത്തിൽ പുലിയിറങ്ങിയെന്ന വാർത്ത ഏറെ നേരം ജനങ്ങളെ ഭീതിയിലാഴ്ത്തി. തുടർന്ന് ഏറെ നേരെത്തെ പരിശ്രമത്തിന് ശേഷം തൊടുപുഴയാറിന് തീരത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ജീവനോടെ പുലിയെ പിടിച്ചു. മൂന്നടിയോളം വലിപ്പമുണ്ടായിരുന്നു. പിന്നീട് ഈ പുലി ചത്തു.
'പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാലുടൻ കൂട് സ്ഥാപിക്കും. മേഖലയിൽ താമസിക്കുന്ന വീടുകളിലുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പട്ടിയടക്കമുള്ള വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും നിർദ്ദേശം നൽകി."
-സിജോ സാമുവൽ (തൊടുപുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ)
'ഇല്ലിചാരി മലയിൽ ദിവസങ്ങളോളം കാട്ടുതീ പടർന്ന് പിടിച്ചതിന് ശേഷമാണ് പുള്ളിപ്പുലിയുടെ ശല്യം മേഖലയിലുണ്ടായത്. നായ, കാട്ടുപന്നി, കുറുക്കൻ എന്നിവയെല്ലാം ഇതിനകം ജീവി ആഹാരമാക്കി. കൂട് സ്ഥാപിച്ച് ഉടൻ പുലിയെ പിടിച്ച് ജനങ്ങളുടെ ആശങ്കയകറ്റാനാകുമെന്നാണ് പ്രതീക്ഷ."
-കെ. കെ. തോമസ് (പഞ്ചായത്ത് പ്രസിഡന്റ്)