പീരുമേട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിപ്പിക്കുന്നതിന് രംഗത്തിറങ്ങുമെന്ന് കേരള സ്റ്റേറ്റ് ഡോക്യുമെന്റ് റൈറ്റേഴ്സ് യൂണിയൻ പീരുമേട് സബ് ഡിവിഷണൽ കമ്മറ്റി അറിയിച്ചു. ജില്ല നേരിടുന്ന ഭൂവിഷയങ്ങളെ കുറിച്ച് വ്യക്തമായ ധാരണയിൽ ദീർഘ വീക്ഷണത്തോടേയുള്ള പരിഹാര നടപടി എന്താണെന്ന് മനസിലാക്കുകയും അതിന് വേണ്ടി വിശ്രമമില്ലാതെ പോരാടുകയും ചെയ്യുന്ന ജോയ്സ് ജയിക്കേണ്ടത് മലയോര ജില്ലയുടെ അനിവാര്യതയാണ്. ഭൂമി തർക്കങ്ങളും കോടതി വ്യവഹാരങ്ങളും വിവാദങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ഭൂമി സംബന്ധമായ ക്രയ വിക്രയങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആധാരം എഴുത്തുകാർ ഉൾപ്പടെയുള്ളവരുടെ വരുമാനവും തൊഴിലും പ്രതിസന്ധിയിലാകും. മൂവായിരത്തോളം ആധാരമെഴുത്തുകാർ ജില്ലയിലുണ്ട്. അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ കണക്കെടുത്താൽ പതിനായിരത്തിലധികം പേര് വരും. മോദി ഭരണം ഈ രംഗത്തേയും വർഗ്ഗീയവത്കരിച്ച് ഇതര മതസ്ഥർ തമ്മിലുള്ള ഭൂമി ക്രയവിക്രയങ്ങൾ പോലും പാടില്ലെന്ന് നിയമ നിർമ്മാണം നടത്തുമെന്ന ഭീഷണിയും നാം നേരിടുന്നു. പാർലമെന്റിൽ ഇതിനെതിരെ പ്രതികരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴൂവെന്ന് കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ പീരുമേട് സബ് ഡിവിഷണൽ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസ് തോമസ്, സെക്രട്ടറി കെ. സുരേഷൻ എന്നിവർ പറഞ്ഞു.