നെടുങ്കണ്ടം: വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുന്നതിനിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇവരെ രക്ഷിക്കാൻ ശ്രമിച്ച എസ്.ഐയ്ക്കും വനിത സിവിൽ പൊലീസ് ഓഫീസർക്കും പൊള്ളലേറ്റു. വീട്ടുടമ നെടുങ്കണ്ടം ആശാരിക്കണ്ടം ആനിക്കുന്നേൽ ദിലീപിന്റെ ഭാര്യ ഷീബയാണ് (49) തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊള്ളലേറ്റ ഗ്രേഡ് എസ്.ഐ ബിനോയി എബ്രഹാം (52), വനിതാ സിവിൽ പൊലീസ് ഓഫീസർ ടി. അമ്പിളി (35) എന്നിവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 ശതമാനത്തോളം പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിനോയിക്ക് 20 ശതമാനം പൊള്ളലേറ്റു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. തൊടുപുഴ സി.ജെ.എം കോടതി ഉത്തരവുമായി എത്തി ബാങ്ക് ജീവനക്കാർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വീട് ജപ്തി ചെയ്യുന്നതിനിടെ ഷീബ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയും കുടുംബവും വീടും സ്ഥലം വാങ്ങുന്നതിന് മുമ്പ് ഇതിന്റെ ഉടമ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ ബാദ്ധ്യത നിലനിറുത്തിയാണ് ഷീബ വീട് വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതിനാൽ പലിശയും കൂട്ടുപലിശയും ചേർത്ത് 63 ലക്ഷം രൂപയുടെ ബാദ്ധ്യത വന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ജപ്തിക്ക് എത്തിയപ്പോൾ നിലവിലെ ഉടമസ്ഥർ എടുത്ത വായ്പ അല്ലാത്തതിനാൽ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് പൊതുപ്രവർത്തകർ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വായ്പ അടച്ചുതീർക്കുന്നത് സംബന്ധിച്ച് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കോടതി ഉത്തരവുമായി ബാങ്ക് അധികൃതർ എത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ബാങ്കിലേക്ക് മാർച്ച് നടത്തി.