തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്രീൻഫെസ്റ്റ്‌വിത്ത് മഹോത്സവം വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപ്പാസിലുള്ള കാഡ്‌സ് വില്ലേജ് സ്‌ക്വയർ അങ്കണത്തിൽ 22ന് ആരംഭിക്കും. തിങ്കളാഴ്ച വൈകിട്ട് 5 ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പി.ജെ ജോസഫ് എം. എൽ. എ ഗ്രീൻഫെസ്റ്റിന് തിരിതെളിക്കും സൗജന്യ ഇളനീർ തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും. തരിശായിക്കിടക്കുന്ന കൃഷിഭൂമി ഏറ്റെടുത്ത് ശാസ്ത്രീയവും വാണിജ്യ പ്രാധാന്യമുള്ളതുമായ കൃഷിയിറക്കുന്ന 'ഹരിതം മധുരം' പദ്ധതിയുടെ ഉദ്ഘാടനം ഫാ. സ്റ്റാൻലി കുന്നേൽ നിർവ്വഹിക്കും. കാലി വളർത്തൽ മേഖലയിൽ മികവ് തെളിയിച്ച കുട്ടിക്കർഷകരായ മാത്യു, ജോർജ് എന്നിവരെ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. ജി രാജശേഖരൻ ആദരിക്കും.
കൃഷി ലാഭകരമാക്കാനുള്ള സാധ്യതകൾ തേടിയുള്ള സെമിനാറുകളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ക്യാമ്പുകളും 80ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന കാർഷികോപകരണങ്ങളുടെ പ്രദർശനവും പെരുമ്പളം ശ്രീകുമാറിന്റെ ഹൈബ്രിഡ് പച്ചക്കറി തൈകളുടെ ശേഖരവും ചക്ക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള നാടൻ ഭക്ഷ്യമേളയും ഗ്രീൻഫെസ്റ്റിന്റ ഭാഗമാണ്.
കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും ഇലക്ട്രിക് കാറുകളിലും ബൈക്കിലും സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ഗാർഹിക മാലിന്യം സംസ്‌കരിക്കുന്നതിനുള്ള യൂണിറ്റുകളുടെ പ്രദർശനം, മുപ്പതോളം വിപണന സ്റ്റാളുകൾ, ഓർക്കിഡ് ആന്തൂറിയം, ഇൻഡോർപ്ലാന്റ് എന്നിവയുൾപ്പെടെ,പതിനായിരക്കണക്കിന് ഫലവൃക്ഷതൈകളും കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറി തൈകളും ജൈവവളങ്ങളും കാർഷികോപകരണങ്ങളുമാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
ഗ്രീൻഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനവും സെമിനാർ മെഡിക്കൽ ക്യാമ്പുകളും സൗജന്യമാണ്. മേളയിൽ പങ്കെടുക്കുന്നവർക്ക് ഒരു കറിവേപ്പിൻ തൈ അല്ലെങ്കിൽ ഒരു പായ്ക്കറ്റ് പച്ചക്കറിവിത്ത് ഗിഫ്ടായി നൽകും.
വാർത്താസമ്മേളനത്തിൽ കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ,ജനറൽ കൺവീനർ ജേക്കബ് മാത്യു,സെക്രട്ടറി എൻ. ജെ മാമച്ചൻ, ട്രഷറർസജി മാത്യു,ഡയറക്ടർമാരായ ജയ്‌മോൾ ജേക്കബ്, വി പി ജോർജ് , കെ എം ജോസ് എന്നിവർ പങ്കെടുത്തു.