തൊടുപുഴ: നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ കരിങ്കുന്നം ഇല്ലിചാരിയിൽ
പുലി ഇറങ്ങിപ്പോൾ നാട് വിറപ്പിച്ച രണ്ടു പുലിക്കഥകളുടെ ഓർമ്മയിലാണ് തൊടുപുഴ.ഒന്ന് 45 വർഷം മുമ്പും മറ്റൊന്ന് 15 വർഷം മുമ്പും.1979 ഓഗസ്റ്റ് ആറിന് ഉച്ചക്ക് 12 മണിയോടെയാണ് കാരിക്കോട് ചായക്കട നടത്തുന്ന കോട്ടപ്പാലം ഈന്തുങ്കൽ ബാലൻപിളളയുടെ വീട്ടുമുറ്റത്ത് പുലി എത്തിയത്. ബാലൻപിളളയുടെ അഞ്ച് വയസുകാരൻ മകൻ ഹരിയാണ് ആദ്യം പുലിയെ കണ്ടത്.
വിവരമറിഞ്ഞ് നാട്ടുകാരും പിന്നീട് എസ് ഐ സുകുമാരക്കുറുപ്പിന്റെ നേതൃത്വത്തിൽ കോൺസ്റ്റബിൾ നാരായണൻ നായരടങ്ങുന്ന പൊലീസ് സംഘവുമെത്തി. ഇതോടെ പുലി ന്യൂമാൻ കോളേജിന്റെ അംബികാ ഹോസ്റ്റലിനടുത്തുളള ഇഞ്ചപ്പടർപ്പിലൊളിച്ചു. നൂയുമാൻ കോളേജിലെ പ്യൂണും അറിയപ്പെടുന്ന വേട്ടക്കാരനുമായിരുന്ന കോയിങ്കൽ പാപ്പച്ചന്റെ സഹായം പൊലീസ് തേടി. പാപ്പച്ചൻ തന്റെ നാടൻ തോക്ക് കൊണ്ട് പുലിയെ വെടിവെച്ചു. വെടിശബ്ദം കേട്ട പുലി അടുത്തുളള കൊക്കോത്തോട്ടത്തിലേക്ക് ചാടി.
കോൺസ്റ്റബിൾ ജോസഫ് പുലിക്ക് നേരെ വെടിയുതിർത്തു. ഇതോടെ ചീറിയടുത്ത പുലി നാരായണൻ നായരെ പിടികൂടി. പുലിയും നായരും മൽപ്പിടുത്തത്തിലായി. ഒടുവിൽ എങ്ങനെയോ പുലിയിൽ നിന്നും നായർ രക്ഷപ്പെട്ടു. ഇതിനിടെ ജോസഫിന്റെ അടുത്ത വെടിയിൽ പുലി ചത്തുവീണു. പുലിയുടെ ജഡം അന്ന് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്ന ഇന്നത്തെ സിവിൽ സ്റ്റേഷൻ മുറ്റത്ത് പ്രദർശിപ്പിച്ചത് പഴമക്കാർ ഓർക്കുന്നു. ഇതോടെ നാരായണൻ നായർക്ക് നാട്ടുകാർ ഓമനപ്പേര് നൽകി, പുലി നാരായണൻ നായർ.
ഗുരുതര പരുക്കേറ്റ നാരായണൻ നായർ മാസങ്ങളോളം ചികിൽസയിലായിരുന്നു. 1980ൽ സർവീസിൽ നിന്നും സ്വയം പിരിഞ്ഞ നാരായണൻ നായർ ഏതാനും വർഷം മുമ്പ് അന്തരിച്ചു. അന്ന് പുലിയെ കണ്ട അഞ്ച് വയസുകാരൻ ഹരികുമാർ സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാരിക്കോട് ആയുഷ്ബാല ഹോട്ടൽ ഉടമയുമാണ്.
നഗരമദ്ധ്യത്തിൽ
ഒരു പുലി
അടുത്തപുലിപ്രവേശം 2009 ഡിസംബർ 18നാണ്. തൊടുപുഴ നഗരമദ്ധ്യത്തിൽ ഇറങ്ങിയ പുളളിപ്പുലി രണ്ട് മണിക്കൂർ നാടുവിറപ്പിച്ചു. നാട്ടുകാരുടെ പിടിയിലായ പുലി പിന്നീട് ചത്തു. പുലിയെ കീഴടക്കാനുളള ശ്രമത്തിനിടെ നാല് പേർക്ക് പരുക്കേറ്റു. പുലി വധത്തിന് നാട്ടുകാരുടെ പേരിൽ വനം വകുപ്പ് കേസ് എടുക്കുകയും ചെയ്തു.
അന്ന് രാവിലെ എട്ടരയോടെയാണ് തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിൽ റിട്ട. ഇറീഗേഷൻ ചീഫ് എഞ്ചിനീയർ മുഹമ്മദ് സാലിയുടെ വീട്ടിൽ പുലി പ്രത്യക്ഷപ്പെട്ടത്. തുടർന്ന് അയൽക്കാരെയും പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. തഹസിൽദാർ പി എൻ സന്തോഷും സ്ഥലത്തെത്തി. ക്ഷണനേരം കൊണ്ട് ആയിരത്തിലേറെ പേർ സ്ഥലത്ത് തടിച്ചുകൂടി.
ഇതോടെ സമീപമുള്ള പറമ്പിലെ പൊന്തക്കാട്ടിലേക്ക് മറഞ്ഞ പുലിയെ കാടിളക്കി പുറത്തു ചാടിച്ചാണ് 10.30ഓടെ നാട്ടുകാർ പിടികൂടിയത്. മതിലിന് അപ്പുറത്തേക്ക് ചാടിയ പുലിയുടെ വാലിൽ മതിലിന് ഇപ്പുറത്ത് നിന്ന് അതിസാഹസികമായി ഒരാൾ പിടിച്ചു വലിക്കുകയും മറ്റൊരാൾ വടികൊണ്ട് അടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ ബോധരഹിതനായ പുലിയെ കയറുകൊണ്ട് കെട്ടി കീഴടക്കിയതിന് ശേഷം പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി.ശ്വാസംമുട്ടിയാണ് പുലിയ്ക്ക് ജീവൻ നഷ്ടപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.