തൊടുപുഴ: തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ അഷ്ടബന്ധകലശത്തോട് അനുബന്ധിച്ച് സാസ്‌കാരിക സദസ് നടന്നു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം.പി. പ്രശാന്ത് അദ്ധ്യക്ഷനായ യോഗം ഹരിജൻ സമാജം സ്ഥാപകൻ പത്മശ്രീ ആചാര്യ എം.കെ. കഞ്ഞോൽ ഉദ്ഘാടനം ചെയ്തു. ശബരിമല കർമ്മസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ മുഖ്യപ്രഭാഷണം നടത്തി. എം.വി. ഭാസ്‌കരൻ നായർ, എം.കെ. ഗോപാലകൃഷ്ണൻ നായർ, സ്വാമി അയ്യപ്പദാസ് എന്നിവർക്ക് ശ്രീ അമൃതശാസ്താ കീർത്തിപുരസ്‌കാരവും സഞ്ചാരിയും എഴുത്തുകാരനുമായ എം.എം മഞ്ജുഹാസൻ, വന്യജീവി ഫോട്ടോഗ്രാഫർ അനീഷ് ജയൻ എന്നിവർക്ക് ആഘോഷക്കമ്മിറ്റിയുടെ ആദരവും നൽകി. റിട്ട. ഹെഡ്മാസ്റ്റർ എൻ.എൻ. ജനാർദ്ദനൻ നായർ, തപസ്യ ജില്ലാ ഉപാദ്ധ്യക്ഷ രമ പി. നായർ, ക്ഷേത്രം ജോയിന്റ് സെക്രട്ടറി പി.ജി. മുരളി പുതുമന, ഭരണസമിതിയംഗം വി.ബി. ജ്യോതിഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ക്ഷേത്രത്തിൽ ഇന്ന് രാവിലെ . 7.30ന് കലശത്തിങ്കൽ ഉഷഃപൂജ, ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരടേയും മേൽശാന്തി ത്രാശ്ശേരി ഇല്ലത്ത് കിഷോർ രാമചന്ദ്രന്റെയും മുഖ്യ കാർമികത്വത്തിൽ 9.45നും 11.നും മദ്ധ്യേ കലശപൂജയും കലശാഭിഷേകവും നടക്കും. തുടർന്ന് പ്രസന്ന പൂജ, തിരുമുമ്പിൽ പറവയ്പ്പ് രക്ഷസ്സിനും, സർപ്പത്തിനും പൂജ. 11ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6.45ന് തിരുവാതിര, നൃത്ത്യനൃത്യങ്ങൾ, 7.45ന് ഭക്തിഗാനമേള, 8ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് എന്നിവ നടക്കും.