മൂലമറ്റം: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ കുളമാവ് ഡാമിൽ നാവികസേനയുടെ പുതിയ പരീക്ഷണ കപ്പൽ നീറ്രിലിറങ്ങി. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്.
ഇന്ത്യൻ നാവിക സേനയ്ക്കായി വികസിപ്പിച്ച അത്യാധുനിക സോണാർ സംവിധാനമാണ് (വെള്ളത്തിനടിയിലെ വസ്തുക്കളുടെ ശബ്ദതരംഗങ്ങൾ വിശകലനം ചെയ്യാനുള്ള വിവരശേഖരണം) ഇവിടെ പ്രാവർത്തികമാക്കിയത്. അണക്കെട്ടിലിറക്കി ഗവേഷണം നടത്താൻ കഴിയുന്ന വലിയ പരീക്ഷണ കപ്പലിന്റെ ചെറിയ പതിപ്പാണ് ഇവിടെ നിർമിച്ചത്. കുളമാവിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയിലാണ് സബ്‌മേഴ്‌സിബിൾ പ്ലാറ്റ്‌ഫോം ഫോർ അക്ക്വസ്റ്റിക് ക്യാരക്ടറൈസേഷൻ ആൻഡ് ഇവാല്യുവേഷൻ ഒരുക്കിയിരിക്കുന്നത്. നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, ഹെലികോപ്ടറുകൾ എന്നിവയിലെ പുതിയ സോണാർ സംവിധാനത്തിന്റെ ഗവേഷണങ്ങൾക്കായാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ച പരീക്ഷണ കപ്പലിന്റെ ഭാഗങ്ങൾ കുളമാവിൽ എത്തിച്ച് സംയോജിപ്പിക്കുകയായിരുന്നു. സോണാർ സംവിധാനത്തിലെ സെൻസറുകളുടെ ദ്രുതവിന്യാസത്തിനും അവ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള പരീക്ഷണങ്ങൾക്കാണ് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. 60 മീറ്റർ നീളവും 22 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പ്ലാറ്റ്‌ഫോമും അന്തർവാഹിനിപോലെ വെള്ളത്തിൽ താഴ്ന്നുകിടക്കുന്ന മറ്റൊന്നുമാണ് പരീക്ഷണ കപ്പലിലെ പ്രധാന സജ്ജീകരണങ്ങൾ. നൂറ് മീറ്റർ ആഴത്തിൽ താഴ്ന്നുകിടക്കാൻ ഈ അന്തർവാഹിനി പ്ലാറ്റ്‌ഫോമിന് കഴിയും. കുളമാവിൽ പരീക്ഷണ കപ്പലിന്റെ പ്രവർത്തനോദ്ഘാടനം ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. സമീർ വി. കാമത്ത് നിർവഹിച്ചു. സുരക്ഷാ മേഖലയായതിനാൽ കപ്പൽ കാണുന്നതിന് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.