അടിമാലി: മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദ്ദിച്ച സർക്കാർ ജീവനക്കാരനെ രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജൻ പറഞ്ഞു. ദേവികുളം യൂണിയൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മാസം മുമ്പാണ് ഹോസ്റ്റലിലെ ജീവനക്കാരൻ തന്നെ ആദിവാസി വിദ്യാർത്ഥികളെ മർദ്ദിച്ചത്. ഭരണകക്ഷിയിലെ പ്രധാന നേതാവ് വഴി പൊലീസിനെ സ്വാധീനിച്ച് എഫ്.ഐ.ആർ വരെ തിരുത്തി എഴുതി. പട്ടികജാതി വർഗ്ഗ അതിക്രമം തടയൽ നിയമം അനുസരിച്ച്‌ കേസെടുക്കാതെ നിസാര വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ടി പട്ടികവർഗ്ഗ വകുപ്പ് പോലും ഇടപെടാതെ പ്രതിയെ സഹായിക്കുകയാണ് ചെയ്തതന്നും രാജൻ പറഞ്ഞു. ടി.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബിജു ബ്ലാങ്കര, എൻ.കെ. ദിലേഹ്, പി.കെ. സോമൻ കെ.എം. മഹേഷ് എന്നിവർ സംസാരിച്ചു.