പീരുമേട്: ജനങ്ങൾക്ക് വേണ്ട നയമാണ് ഇടതുപക്ഷം ഇന്ത്യയിൽ മുന്നോട്ട് വയ്ക്കുന്നതെന്നും ഇത് നടപ്പിലാക്കാനാണ് കേരളത്തിൽ എൽ.ഡി.എഫ്.സർക്കാർ ശ്രമിക്കുന്നതെന്നും സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം വണ്ടിപ്പെരിയാറ്റിൽ ഉദ്ഘാടനം ചെയ്യുകയയായിരുന്നു വൃന്ദ കാരാട്ട്. ലൈഫ് ഭവന പദ്ധതി പ്രകാരം എല്ലാവർക്കും വീട് വച്ച് നൽകാൻ നമുക്ക് കഴിയണം. അതിന് കേരളത്തിന്റെ വിഹിതം നമുക്ക് തരണം. അത് കേന്ദ്ര ഔദാര്യമല്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ തിരഞ്ഞെടുപ്പാണിത്. എല്ലാ മേഖലയിലും കരാർ വ്യവസ്ഥയിലുള്ള തൊഴിലാണ് കേന്ദ്രം നൽകുന്നത്. ഒരു ശതമാനം ആളുകൾ 40 ശതമാനം സമ്പത്ത് കൈവശം വച്ചിരിക്കുന്നു. കർഷകരും തൊഴിലാളികളും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇടുക്കിയിലെ വിളകളായ ഏലം, തേയില, കുരുമുളക് തുടങ്ങിയ വിളകൾ വില കുറച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. ഇത് ഇവിടത്തെ കർഷകരെയും, തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു. ഉത്പന്നങ്ങൾക്ക് ആവശ്യമായ വില ലഭ്യമാകുന്നില്ല. ഇത് മൂലം കർഷകർ വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. കർഷകർക്കും കർഷക തൊഴിലാളികൾക്കും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നത് ഇന്ത്യയിൽ കേരളത്തിലാണ്. ഇത് കേരളീയർക്ക് അഭിമാനിക്കാവുന്നതാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ അദ്ധ്യക്ഷയായിരുന്നു. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, വാഴൂർ സോമൻ എം.എൽ.എ, ആർ. തിലകൻ, എസ്. സാബു, ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.