albin
ആൽബിൻ ജോസഫ്

തൊടുപുഴ: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും ബ്രൗൺ ഷുഗറും കഞ്ചാവുമടക്കമുള്ള നിരോധിത ലഹരി വസ്തുക്കളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതലക്കോടം പഴുക്കാകുളം സ്വദേശി ചെമ്പരത്തി വീട്ടിൽ ചെല്ലപ്പൻ എന്ന് വിളിക്കുന്ന ആൽബിൻ ജോസഫിനെയാണ് (23) പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 105 ഗ്രാം എംഡിഎംഎ,​ 700ഗ്രാം കഞ്ചാവ്, 45 മില്ലി ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും 29,500 രൂപയും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വില വരും. ഇടുക്കി ഡാൻസാഫ് ടീമും തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേർന്നാണ് വീട് റെയ്ഡ് ചെയ്തത്. കോളജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ആൽബിൻ എന്ന് പൊലീസിനു സൂചന ലഭിച്ചതിനെ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ പൊലീസ് എത്തി ഇയാളുടെ മുറിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. കൂടാതെ ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, കുപ്പികൾ, ഇത് തൂക്കാനുള്ള ചെറിയ ത്രാസ്, പായ്ക്ക് ചെയ്യാനുള്ള ചെറിയ കൂടുകൾ തുടങ്ങിയവയും പിടികൂടി. ഇയാളുടെ ഫോൺ ഉൾപ്പെടെ പരിശോധിച്ച് കൂട്ടാളികളെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.