ഇടുക്കി: ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പോളിങ് സ്റ്റേഷൻ ഇടുക്കി നിയോജകമണ്ഡലത്തിലെ ക്രൈസ്റ്റ് കിങ് എൽ.പി.എസ് രാജമുടിയാണ്. ഇവിടെ 1503 വോട്ടർമാരാണുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ള പോളിങ് സ്റ്റേഷൻ പീരുമേട് നിയോജകമണ്ഡലത്തിലെ പച്ചക്കാനം അംഗൻവാടിയാണ്. 28 വോട്ടർമാരാണിവിടെയുള്ളത്.ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉണ്ടാകും. എല്ലാ പോളിങ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും. അംഗപരിമിതർക്ക് വീൽചെയർ, റാംപ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്‌ലറ്റുകൾ എന്നിവയും ഉണ്ടാകും. പോളിങ് ബൂത്തിൽ വോട്ടർമാർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കും.
വെബ്കാസ്കാനിങ്ങിന്
752 ബൂത്തുകൾ
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ബൂത്തുകളിൽ 75 ശതമാനം വെബ്കാസ്റ്റിങ് സംവിധാനമാണ് ഏർപ്പെടുത്തേണ്ടത്. അത്തരത്തിൽ ജില്ലയിലെ 752 ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് സൗകര്യമുള്ളത്.
48 പിങ്ക് ബൂത്തുകൾ
ജില്ലയിൽ വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന 48 പിങ്ക് ബൂത്തുകളാണുള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകൾ അല്ലെങ്കിൽ പിങ്ക് ബൂത്തുകളായി കണക്കാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വനിതകളായിരിക്കും. ഓരോ മണ്ഡലത്തിലും ഒന്നുവീതം അഞ്ചു മാതൃകാ ഹരിത ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പ്രകൃതി സൗഹാർദ തെരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഹരിത മാതൃകാ ബൂത്തുകളൊരുക്കുന്നത്.