തൊടുപുഴ: നാട്ടുകാരെ ഒന്നാകെ ഭീതിയിലാക്കി പാഞ്ഞു നടക്കുന്ന പുള്ളിപ്പുലിയെ പിടികൂടാൻ ഇരുമ്പ് കൂട് സ്ഥാപിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ കെണിയൊരുക്കി വനംവകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ പതിനാറാം തീയതി കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. തുടർന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച് കൺട്രോൾ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്രി എത്രയും വേഗം കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകിയിരുന്നു. ഇന്നലെ അനുമതി ലഭ്യമായതിനെ തുടർന്നാണ് ചത്ത കോഴിയെ കെട്ടിത്തൂക്കി കൂട് സ്ഥാപിച്ചത്. കൂട്ടിൽ പുലി കയറുമോയെന്ന് നോക്കി കാത്തിരിക്കുകയാണ് നാട്ടുകാർ. പുലി കൂട്ടിലകപ്പെടും വരെ ഭയപ്പാടിലാണ് ജനം. വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടതോടെ ഒന്നിലധികം പുലി ഉണ്ടോ എന്ന സംശയത്തിലുമാണ് നാട്ടുകാർ. ഒരു മാസം മുമ്പ് വളർത്ത് മൃഗങ്ങളെ ഉൾപ്പെടെ കാണാതെ വന്നപ്പോഴാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. പുലിയെന്ന് പലരും സംശയം പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. തുടർന്ന് നാട്ടുകാരിൽ പലരും പുലിയെ കണ്ടു. എന്നിട്ടും വിശ്വസിക്കാതെ വന്നതോടെയാണ് വനം വകുപ്പ് കാമറ സ്ഥാപിച്ചത്.
കഴിഞ്ഞ 22നും 23നുമാണ് കരിങ്കുന്നം പഞ്ചായത്ത് അഞ്ചാം വാർഡായ ഇല്ലിചാരിയിൽ 15 വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത്. ചിറ്റാനപ്പാറ സാബു, കല്ലുവേലിൽ മനോജ്, മാടപ്പാട്ട് സണ്ണി എന്നിവരുടെ മൃഗങ്ങളാണ് ചത്തത്. സാബുവിന്റെ രണ്ട് ആട്, ഒരു നായ എന്നിവയെയും മനോജിന്റെ രണ്ട് നായ, ഒരു മുയൽ, രണ്ട് കോഴി, സണ്ണിയുടെ ഒരു ആട്, അഞ്ച് നായകൾ എന്നിവയെയാണ് നഷ്ടപ്പെട്ടത്. പുള്ളിപ്പുലിയുടേതെന്ന് സംശയിക്കുന്ന മട കണ്ടെത്തിയിരുന്നു. ഇല്ലിചാരി അമ്പലപടിയുടെ മുകളിൽ പാറയുടെ താഴെയാണ് പ്രദേശവാസികൾ മട കണ്ടെത്തിയത്.