ഇടുക്കി: ലോക്സഭാ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പ് അവസാനിച്ചു. അംഗീകാരം ലഭിച്ച 528 അപേക്ഷകരിൽ 369 പേരാണ് വോട്ടു ചെയ്തത്. സംസ്ഥാനത്ത് പൊലീസ്, അഗ്നിരക്ഷാസേന, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ട്രിസിറ്റി, ജലഅതോറിട്ടി, കെ.എസ്.ആർ.ടി.സി, ട്രഷറി, ആരോഗ്യ സർവീസസ്, വനം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ആൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, മാദ്ധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ 90.79 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ഏറ്റവും കൂടിയ കണക്കാണിത്. കുറവ് രേഖപ്പെടുത്തിയത് ദേവികുളം മണ്ഡലത്തിലാണ്. ഇവിടെ 42.31 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്‌. കോതമംഗലം- 79.33, ഉടുമ്പഞ്ചോല- 68.18, തൊടുപുഴ- 66.67, ഇടുക്കി- 51.72, പീരുമേട്- 62.50 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം. 12ഡി യിൽ അപേക്ഷ നൽകി അംഗീകരിച്ചിട്ടുള്ള വോട്ടർമാർക്ക് ഈ മാർഗ്ഗത്തിലല്ലാതെ മറ്റൊരു രീതിയിലും വോട്ടു ചെയ്യാനാവില്ല. ഫോറം 12ഡി യിൽ അപേക്ഷ നൽകാത്തവരും ഫോറം 12ഡി അപേക്ഷ അംഗീകരിച്ചിട്ടില്ലാത്തവരും 26ന് പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യേണ്ടതാണ്. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ, കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസ്, ഉടുമ്പൻചോല മിനിസിവിൽ സ്റ്റേഷൻ, തൊടുപുഴ താലൂക്ക് ഓഫീസ്, ഇടുക്കി താലൂക്ക് ഓഫീസ്, പീരുമേട് മരിയൻ കോളേജ് എന്നിവയായിരുന്നു താലൂക്കുകളിലെ തപാൽ വോട്ടിങ് കേന്ദ്രങ്ങൾ.