തൊടുപുഴ : ജില്ലയിൽ വോട്ടെടുപ്പ് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി അഞ്ച് മാതൃകാ ഹരിത ബൂത്തുകൾ സജ്ജമാക്കും. മുട്ടം മലങ്കരയിലെ ബൂത്തിന് പുറമേയാണ് ജില്ലയിലെ ഓരോ നിയമസഭാമണ്ഡലത്തിലും ഒന്ന് എന്ന നിലയിൽ മാതൃകാ ബൂത്തുകൾ തുറക്കുന്നത്. മാലിന്യ രഹിതമായി വോട്ടെടുപ്പുകേന്ദ്രങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാണ് മാതൃകാ ബൂത്തുകൾ ഒരുക്കുന്നത്. കുടിവെള്ളമെടുക്കാനും മറ്റുമായി വാട്ടർ ഡിസ്‌പെൻസറുകൾ, കുപ്പി/ചില്ല് ഗ്ലാസുകൾ, മാലിന്യം തരംതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ,മാലിന്യനീക്കം ഉറപ്പുവരുത്തി ഹരിതകർമ്മ സേനയുടെ സേവനം,ബൂത്തുകളിൽ ഒറ്റത്തവണ ഉപഭോഗ വസ്തുക്കളായ പേപ്പർ പ്ലേറ്റ് ഗ്ലാസ് എന്നിവ ഒഴിവാക്കൽ,പ്ലാസ്റ്റിക്കില്ലാത്ത അലങ്കാരങ്ങൾ തുടങ്ങിയവയൊക്കെ മാതൃകാ ബൂത്തുകളിൽ ഉറപ്പാക്കും.ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായരുടെ ചേംബറിൽ നടന്ന യോഗം ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി. ഇടുക്കി മണ്ഡലത്തിലെ വാഴത്തോപ്പ് ജി.എച്ച്.എസ്.എസിലെ 80ാനമ്പർ ബൂത്ത് , ഉടുമ്പഞ്ചോലയിൽ ശാന്തമ്പാറ ഗവ. ഹൈസ്‌കൂൾ ബൂത്ത്,പീരുമേട്ടിൽ തേക്കടി അമലാംബിക കോൺവെന്റ് ഇംഗ്ലീഷ് സ്കൂൾ (ബൂത്ത് നമ്പർ 107),തൊടുപുഴയിൽ മുട്ടം ഗവ. ഹൈസ്‌കൂൾ (ബൂത്ത് 162),ദേവികുളത്ത് ചിത്തിരപുരം ഗവ.ഹൈസ്‌കൂൾ എന്നീ ബൂത്തുകളെയാണ് മാതൃകാ ഹരിത ബൂത്തുകളായി തീരുമാനിച്ചിട്ടുള്ളത്. ശുചിത്വ മിഷൻ സാമ്പത്തിക സഹായത്തോടെയാണ് മാതൃകാ ബൂത്തുകളൊരുങ്ങുക.