തൊടുപുഴ: കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ട തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷിച്ചു. തൊടുപുഴ മത്സ്യമാർക്കറ്റിന് സമീപത്തെ മുക്കുടം ചേരിയിൽ മേരി മാത്യുവിന്റെ വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയ മൂവാറ്റുപുഴ നിർമല കോളജിനു സമീപം താമസിക്കുന്ന കാഞ്ഞാംപുറത്ത് അനിൽ കുമാറിനെയാണ് (50) തൊടുപുഴ ഫയർഫോഴ്സ് എത്തി രക്ഷിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അമ്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനിൽ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതിൽ നിന്ന് പുറത്തു കയറാനായില്ല. ഇതോടെ പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഇവർ എത്തി ഓക്സിജൻ സിലിണ്ടർ കിണറിനുള്ളിൽ ഇറക്കിയ ശേഷം അനിൽകുമാറിനെ വലയിറക്കി പുറത്തെത്തിക്കുകയായിരുന്നു. കിണറിലേയ്ക്ക് വീട്ടുകാർ മുകളിൽ നിന്ന് വെള്ളം ഒഴിച്ചു കൊടുത്തതും വായു സഞ്ചാരം കൂട്ടാൻ സഹായകരമായി. പുറത്തെത്തിയ അനിൽകുമാറിന്റെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർ ഖാൻ, ഫയർ ഓഫീസർമാരായ പി.എൻ. അനൂപ്, എൻ.എസ്. ജയകുമാർ, എസ്. ശരത്ത്, പി.പി. പ്രവീൺ, പി.ടി. ഷാജി, കെ.എസ്. അബ്ദുൽ നാസർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.