തൊടുപുഴ: രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ എം.എൽ.എ നടത്തിയ മോശം പരാമർശം പിൻവലിപ്പിച്ച് മാപ്പ് പറയാൻ സി.പി.എം നേതൃത്വം തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. തൊടുപുഴയിൽ മാദ്ധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അൻവറിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് അപമാനമാണ്. രാഹുൽ ഗാന്ധിക്കെതിരെ ഏറ്റവും മോശമായ വാക്കുകളാണ് പി.വി. അൻവർ ഉപയോഗിച്ചത്. മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചത് അദ്ഭുതപ്പെടുത്തി. സ്ഥാനത്തിന് നിരക്കാത്തതാണിത്. അൽപ്പമെങ്കിലും ഒചിത്യമുണ്ടങ്കിൽ മുഖ്യമന്ത്രി പി.വി അൻവറിനെ തള്ളിപ്പറയണമായിരുന്നു. പകരം സംരക്ഷിക്കുകയാണ് ചെയ്തത്. ഇത്തരം ആൾക്കാരെ എം.എൽ.എയാക്കിയത് സി.പി.എമ്മിന്റെ ജീർണ്ണതയാണ് തുറന്നു കാട്ടുന്നത്. തിരഞ്ഞെടുപ്പിൽ മാന്യമായ നിലവാരം പുലർത്താൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തയ്യാറാകണം. പച്ചയായ വർഗീയ പ്രചാരണമാണ് പ്രധാനമന്ത്രി നടത്തിയത്. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ചു. വർഗീയ വിഭജനത്തിനാണ് ശ്രമം നടക്കുന്നത്. ചട്ട ലംഘനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായ നടപടിയെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അതി ശക്തമായ മോദിവിരുദ്ധവികാരവും തീവ്രമായ പിണറായിവിരുദ്ധ വികാരവും നിലനിൽക്കുന്നു. ഇത് യു.ഡി.എഫിന് അനുകൂല തരംഗമായി മാറും. ഇടതുഭരണത്തിൽ മദ്യ മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി മാറി. പ്രകടന പത്രികയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്ന രീതിയിൽ തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാലോചിത മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.