തൊടുപുഴ: ഇല്ലിചാരി മലയിലും പരിസരങ്ങളിലും കണ്ട പുള്ളിപ്പുലി ആദ്യ ദിനം കൂട്ടിലകപ്പെട്ടില്ല. ഇന്നലെ രാവിലെ പരിസരത്ത് താമസിക്കുന്നവരും വനം വകുപ്പധികൃതരും സ്ഥലത്ത് നിരീക്ഷണം നടത്തിയെങ്കിലും കെണിയിൽ പുലി കുടുങ്ങിയില്ല. ഇതിനിടെ തിങ്കളാഴ്ച പുലർച്ചെയും പ്രദേശവാസികൾ പുലിയെ കണ്ടിരുന്നു. എന്നാൽ ഇന്നലെ പുലിയെ കണ്ടതായി ആർക്കും വിവരം ലഭിച്ചിട്ടില്ല. പ്രദേശത്ത് ഏതാനും കിലോമീറ്ററുകളിലായി ചുറ്റിത്തിരിയുന്ന പുലി സ്ഥിരമായി കാണുന്ന സ്ഥലത്തേക്ക് എത്തുമെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതർ. വരുന്ന ഏതാനും ദിവസത്തിനുള്ളിൽ പുലി കെണിയിൽ കുടുങ്ങുമെന്ന പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ ഒന്നര മാസക്കാലമായി കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തിയായ ഇല്ലിചാരി മലയിലും സമീപ പ്രദേശങ്ങളിലും ജനങ്ങൾക്കിടയിൽ ഭീതി വിതക്കുകയാണ് പുലി. നാട്ടുകാരുടെ നിരവധി വളർത്ത് മൃഗങ്ങളെ കൊന്ന് തിന്നുകയും പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടാകുകയും ചെയ്‌തതോടെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് പുലിയെ പിടികൂടുന്നതിനായി കെണിയൊരുക്കി കൂട് സ്ഥാപിച്ചത്. ഇല്ലിചാരി മലയുടെ ഏറ്റവും മുകളിലായി പുലിയുടെ സാന്നിദ്ധ്യം നിരവധി തവണയുണ്ടായ സ്ഥലത്താണ് ചത്ത കോഴിയെ സ്ഥാപിച്ച് കൂട് സജ്ജീകരിച്ചിരിക്കുന്നത്.