ചോരവാർന്ന് മ്ളവ് കിടന്നത് നാല് മണിക്കൂർ
രാജാക്കാട് :ശാന്തൻപാറ പേത്തൊട്ടി ഭാഗത്ത് ചെന്നായയുടെ ആക്രമണത്തിൽ മ്ലാവിന് പരിക്കേറ്റു.4 മണിക്കൂർ നേരം ചോര വാർന്നു കിടന്ന മ്ലാവ് ചത്തു.ശാന്തൻപാറ പൊൻമുടി സെക്ഷന്റെ പരിധിയിലാണ് സംഭവം.തിങ്കളാഴ്ച വൈകിട്ടാണ് കർഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. പിൻകാലിൽ മുറിവേറ്റ് പരിക്കുപറ്റി റോഡരുകിൽ മ്ലാവിനെ കണ്ട പ്രദേശത്തെ കർഷകർ,ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല.നേരിട്ട് വിവരമറിയിക്കാൻ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസിലെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും ആരോപണമുയർന്നു. തുടർന്ന് തിരുവനന്തപുരത്തുള്ള കൺട്രോൾ റൂമിൽ വിവരമറിയിക്കുകയാണ് കർഷകർ ചെയ്തത്.അവരുടെ നിർദ്ദേശപ്രകാരം മൂന്നാർ ഡിവിഷനോഫീസിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തുകയാണുണ്ടായത്. മ്ലാവിന്റെ ജഡം ഡിവിഷൻ ഓഫീസിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടത്തി മേൽ നടപടികൾ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
വന്യമൃഗങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ അതിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടവരുത്തിയത് ഗൗരവമുള്ളതാണ്.വിവരമറിയിക്കാൻ ചെന്ന നാട്ടുകാരെ ഭീഷണി പെടുത്തി ഓടിച്ചു വിട്ടതും ദുരൂഹത ഉയർത്തുന്ന കാര്യമാണ്. ഇതുപോലുള്ള ഉദ്യോഗസ്ഥർ വനം വകുപ്പിന് ബാദ്ധ്യതയും നാണക്കേടുമാണെന്നും,ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പു കഴിഞ്ഞാൽ വനം വകുപ്പിന്റെ കിരാതനടപടിക്കെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. സോമൻ കർഷക പ്രതിനിധി പി.എൻ. പ്രസാദ് എന്നിവർ അറിയിച്ചു. വിവരമറിഞ്ഞ അതെ സമയം വിവരം റെയ്ഞ്ചറേയുംആർ.ആർ.ടി സംഘത്തേയും അറിയിച്ചുവെന്നും,മദ്യപിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, ആക്രമണത്തിൽ കണ്ഠനാളത്തിൽ മുറിവുണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചുവെന്നും ഫോറസ്റ്റർ ശ്രീകുമാർ പറഞ്ഞു.