തൊടുപുഴ: കൃത്രിമ പാനീയങ്ങൾ വിപണി കീഴടക്കുന്നകാലത്ത് ഇളനീരിന്റെ പ്രചാരം വർദ്ധിപ്പിക്കേണ്ടത് പൊതുജനാരോഗ്യത്തിന് ഏറ്റവും ഉത്തമമാണന്ന് മുൻസിപ്പൽ ചെയർമാൻസനീഷ് ജോർജ് പറഞ്ഞു. ഈ ലക്ഷ്യം സാദ്ധ്യമാക്കുന്നതിന് ഇളനീർ തെങ്ങ് വിതരണ പദ്ധതി ഏറെ സഹായകമാണെന്ന് അദ്ദേഹംപറഞ്ഞു. തൊടുപുഴ നഗരസഭ പ്രദേശത്ത് നടപ്പിലാക്കിയ ഒരു വീടിന് ഒരു ഇളനീർ തെങ്ങ് എന്ന പദ്ധതി പ്രകാരം ഈ വർഷം വിതരണം ചെയ്യുന്ന 1000 ഇളനീർ തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം കാഡ്സ് ഗ്രീൻഫെസ്റ്റിനോടനുബന്ധിച്ച് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കാഡ്സ് സെക്രട്ടറി എൻ.ജെ .മാമച്ചൻഅദ്ധ്യക്ഷത വഹിച്ചു, കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, കെ എം ജോസ്, വി.സി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസൺ ബെഞ്ചമിൻ ശാസ്ത്രീയ തെങ്ങ് കൃഷിയും പരിപാലനവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.പത്താമുദായത്തിന് വിത്തുകളും തൈകളും നടുന്നതിനായി നൂറുകണക്കിന് കർഷകരാണ് മേളയിൽ എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ 10.30 ന് റിട്ട. കൃഷി ജോ. ഡയറക്ടർ സജിമോൾ വി.കെ യുടെ നേതൃത്വത്തിൽ 'മണ്ണിന്റെ ആരോഗ്യപരിപാലനത്തിലൂടെ അധിക വിളവ് 'എന്ന വിഷയത്തിൽ ക്ലാസ് നടത്തും.