ജില്ലയിൽ ക്രിട്ടിക്കൽ ബൂത്തുകളില്ല

752 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം

ഇടുക്കി : ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. ഏഴു മണ്ഡലങ്ങളിലായി 1315 പോളിങ് സ്റ്റേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ആവശ്യമായ 6312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ജില്ലയിൽ 1578 കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവി പാറ്റ് യന്ത്രങ്ങളും സജ്ജമാക്കി.
ഇന്ന് രാവിലെ 8 മുതൽ പോളിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ്‌സാമഗ്രികളുടെയും വിതരണം നടക്കും. 56 പ്രശ്‌നബാധിത പോളിങ് ബൂത്തുകളുണ്ട്. ഇവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തിൽ വിന്യസിച്ചിട്ടുണ്ട്. 25 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്‌ട്രോങ് റൂമുകളിലും നിയമിച്ചിട്ടുണ്ട്.
എല്ലാ മദ്യ വിൽപ്പനശാലകളും വെള്ളിയാഴ്ച വൈകീട്ട് ആറ് വരെ അടച്ചിടും.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ജില്ലാതലത്തിൽ 7 മണ്ഡലങ്ങളിലും കൺട്രോൾ റൂം ആരംഭിച്ചു. വോട്ടെടുപ്പ് ദിനത്തിൽ
സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. മീഡിയ മോണിറ്ററിംഗ് സെല്ല്, പോൾ മാനേജർ, വിവിധ ഐടി ഓപ്പറേഷനുകൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂമുകൾ, വെബ് കാസ്റ്റിങ് കൺട്രോൾ റൂമുകൾ, തുടങ്ങി വിവിധ കൺട്രോൾ റൂമുകൾ നിലവിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്നു.
ഇതുവരെ 7707 ഹോം വോട്ടിങ് നടന്നിട്ടുണ്ട്. വോട്ടിങ് ഫെസിലിറ്റേഷൻ സെന്ററുകളിലും പോളിങ് നടന്നുകൊണ്ടിരിക്കുന്നു. 418 പേർ വോട്ടിങ് ഫെസിലിറ്റേഷൻ സെന്ററുകൾ വഴി വോട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.


കളക്ട്രേറ്റിൽ പ്രത്യേക കൺട്രോൾ റൂം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ദിനത്തിൽ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ പ്രത്യേക കൺട്രോൾ റൂം ഒരുക്കും. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങൾക്കുമായി പ്രത്യേകം നമ്പറുകൾ ക്രമീകരിച്ചാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. വോട്ടർമാർക്കും പോളിങ ഉദ്യോഗസ്ഥർക്കും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതത് നമ്പറിൽ വിളിച്ചറിയിക്കാം. മണ്ഡലം, ഫോൺ നമ്പർ യഥാക്രമം : മൂവാറ്റുപുഴ 04862 232500, കോതമംഗലം : 04862 232504, ദേവികുളം : 04862 232513, ഉടുമ്പൻചോല : 04862 232514, തൊടുപുഴ : 04862 232519, ഇടുക്കി: 04862 232520, പീരുമേട് : 04862 232522

വോട്ടിങ്ങിന് ഈ

തിരിച്ചറിയൽ രേഖകൾ

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് ആണ്. എന്നാൽ കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന ഫോട്ടോ പതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ആധാർ കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ, തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്, ഇന്ത്യൻ പാസ്‌പോർട്ട്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്, പാർലമെന്റ്‌റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ഭിന്നശേഷി തിരിച്ചറിയൽ കാർഡ്എന്നിവയാണ്.

26ന് പൊതു അവധി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി ആയിരിക്കും. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

112 ബസുകൾ

സർവീസ് നടത്തും

ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് വിവിധ മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യാൻ 112 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, ഇടുക്കി ,ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിലേക്ക്് അഞ്ചു കേന്ദ്രങ്ങളിൽ നിന്നും 25 ന് രാവിലെ 5 മണി മുതൽ ബസുകൾ പുറപ്പെടും. ദേവികുളം മണ്ഡലം മൂന്നാർ ഹയർ സെക്കന്ററി സ്‌കൂൾ, ഉടുമ്പൻചോല നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് എച്ച്, എസ്,എസ്, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ , ഇടുക്കി പുതിയ ബസ് സ്റ്റാൻഡ് കട്ടപ്പന, ചെറുതോണി ടൗൺ, പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കുട്ടിക്കാനം എന്നീ സ്ഥലങ്ങളിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്. പോളിങ് സാമഗ്രികൾ തിരികെ കൈപറ്റിയതിനു ശേഷം മടക്കയാത്രക്കും ഈ ബസുകൾ ഉപയോഗിക്കാം. സുഗമമായ യാത്രയ്ക്ക് ഓരോ മണ്ഡലത്തിൽ നിന്നും 20 ന് മുകളിൽ ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സി വിജിൽ ആപിൽ ലഭിച്ചത്

7222 പരാതികൾ

ഇടുക്കി ലോക് സഭാ മണ്ഡലത്തിൽ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും ചേർന്ന് പൊതുസ്ഥലങ്ങളിൽ മാതൃകാ പെരുമാറ്റചട്ടങ്ങൾക്ക് വിരുദ്ധമായി സ്ഥാപിച്ച 25591 വസ്തുവകകൾ നീക്കം ചെയ്തു.18958 പോസ്റ്ററുകളും 3218 ബാനറുകളും 3406 കൊടികളും നീക്കം ചെയ്തവയിൽപ്പെടുന്നു. ഇതിൽ 7222 പരാതികൾ സിവിജിൽ ആപ്പ് മുഖേനയാണ് ലഭിച്ചത്.പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവ പകർത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സിവിജിൽ ആപ്പ്.