ചെറുതോണി: ഡീൻ കുര്യാക്കോസ് എം.പി ഫണ്ട് 3.66 കോടി രൂപ ഇനിയും ചിലവഴിച്ചിട്ടില്ലന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയതായി സി.പി.എം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.വി. വർഗീസിന് ജില്ലാ കളക്ടർ നൽകിയ മറുപടിയിലാണ് 3.66 കോടി രൂപ ഇപ്പോഴും ചിലവഴിച്ചിട്ടില്ലെന്ന കാര്യം വ്യക്തമാക്കിയത്. എം.പി ഫണ്ട് പൂർണമായും ചെലവഴിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് പ്രചരിപ്പിക്കുന്നതായി ഡീൻ കുര്യാക്കോസ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എം.പി ലാഡ്സ് വെബ്‌സൈറ്റിൽ ഇപ്പോഴും 3.66 കോടി കാണിക്കുന്നെന്ന് കാണിച്ച് ചീഫ് ഇലക്ഷൻ ഏജന്റ് സി.വി. വർഗീസ് കളക്ടർക്ക് മറുപടി നൽകിയിരുന്നു. ഇക്കാര്യം ശരി വെച്ചാണ് ജില്ലാ കളക്ടർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കുന്നു. 356 പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയതിൽ 102 എണ്ണം പൂർത്തിയാക്കുകയും ഏഴ് എണ്ണം ഭാഗികമായി പൂർത്തീകരിക്കുകയും മാത്രമാണുണ്ടായത്. ബാക്കിയുള്ള 254 പ്രവർത്തികൾ ഇതുവരെയും പൂർത്തീകരിച്ചിട്ടില്ലെന്ന് പ്ലാനിങ് ഓഫീസർ ഈ മാസം 20ന് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എം.പി ഫണ്ട് മുഴുവൻ ചെലവഴിച്ചതായി യു.ഡി.എഫ് നടത്തുന്ന വ്യാജ പ്രചരണം നിറുത്താൻ ജില്ലാ കളക്ടർ തയ്യാറാവണമെന്നും എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് സി.വി. വർഗീസ് ആവശ്യപ്പെട്ടു.