ഇടുക്കി: റോഡ് ഷോകൾ കൊട്ടിക്കലാശത്തിന് വഴിമാറിയപ്പോൾ പൊരിവെയിലും കനത്തചൂടും വകവയ്ക്കാതെ ഒരു മാസത്തിലേറെ നീണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് കളർഫുൾ പരസ്യ പ്രചാരണത്തിന് ആവേശക്കടലിരമ്പത്തോടെ സമാപനം. പ്രധാന മുന്നണികളെല്ലാം ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ റോഡ് ഷോയോടെയാണ് കലാശ വേദിയിലെത്തിയത്. വാദ്യ മേളങ്ങളും, പാട്ടും, വർണ്ണക്കടലാസുകളും കൊണ്ട് ആവേശം വാനോളം ഉയർന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനക്കൂട്ടത്താൽ കൊട്ടിക്കലാശ കേന്ദ്രങ്ങൾ നിറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് കട്ടപ്പനയിൽ ചെങ്കടൽ തീർത്തപ്പോൾ യു.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികളായ ഡീൻ കുര്യാക്കോസും സംഗീതാ വിശ്വനാഥനും തൊടുപുഴയിലെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. തൊടുപുഴ ഗാന്ധിസ്ക്വയറിൽ നടത്തിയ കൊട്ടിക്കലാശം നഗരത്തിൽ ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്. ബൈക്കുകൾ അണിനിരന്ന റാലിയ്ക്കും വാദ്യമേളങ്ങൾക്കും പിന്നാലെ തുറന്ന വാഹനത്തിലാണ് യു.ഡി.എഫ്- എൻ.ഡി.എ സ്ഥാനാർത്ഥികൾ എത്തിയത്. റോഡ് ഷോയ്ക്ക് പുറമേ ഡി.ജെ വാഹനം, ബാൻഡ് മേളം എന്നിവ മുതൽ നാടൻ കലാരൂപങ്ങളും വരെ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ മുന്നണികൾ ഒരുക്കിയിരുന്നു. സ്ഥാനാർത്ഥികൾ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രചാരണ വാഹനങ്ങൾക്ക് മുകളിൽ കയറിയതോടെ പ്രവർത്തകർ ആവേശത്തിലായി. അഞ്ച് മണിയോടെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥനാണ് ആദ്യം തൊടുപുഴ ഗാന്ധി സ്‌ക്വയറിലേക്കെത്തിയത്. 5.20 ന് യു.ഡി.എഫ് സ്ഥാനാർത്ഥി സീൻ കുര്യാക്കോസ് കൂടി എത്തിയതോടെ ആവേശം അതിര് കടന്നു. ജെ.സി.ബി.യും അലങ്കരിച്ച വാഹനങ്ങളുമായി പ്രവർത്തകർ ഗാന്ധി സ്‌ക്വയറിലേക്ക് എത്തി. തുടർന്ന് ഡീൻ കുര്യാക്കോസ് പ്രവർത്തകർക്കൊപ്പം ജെ.സി.ബിക്ക് മുകളിലേക്ക് കയറി. ഇതോടെ യു.ഡി.എഫ് പ്രവർത്തകർ ആരവവുമായി സ്ഥാനാർത്ഥിക്ക് ചുറ്റും കൂടി. ചങ്കല്ല ചങ്കിടിപ്പാണ് ഡീൻ എന്ന ബാനർ യു.ഡി.എഫ് ഉയർത്തിയതോടെ നാടറിഞ്ഞ പുരോഗതി വീണ്ടും തുടരാൻ ജോയ്സ് ഉണ്ടാകണമെന്ന ബാനർ എൽ.ഡി.എഫ് പ്രവർത്തകരും ഉയർത്തി. മോദിയുടെ ഗ്യാരന്റി പുതിയ കേരളം എന്നതാണ് എൻ.ഡി.എ ഉയയർത്തിക്കാട്ടിയത്. സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിൽ പങ്കാളികളായതോടെ പാട്ടും നൃത്തവുമായി പ്രവർത്തകരും കളം നിറഞ്ഞു. ബാൻഡ് മേളക്കാരും ആവേശം ഒട്ടും കുറച്ചില്ല. ജോയ്സ് ജോർജ് കട്ടപ്പനയിലായിരുന്നെങ്കിലും എൽ.ഡി.എഫ് പ്രവർത്തകരുടെ ആവേശം ഒട്ടും കുറച്ചില്ല. പാട്ടും ബാൻഡും നൃത്തവും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ തങ്ങളുടെ ശക്തി വിളിച്ചോതി. ബി.എസ്.പി സ്ഥാനാർത്ഥി റസൽ ജോയിയും കൊട്ടിക്കലാശത്തിനെത്തിയിരുന്നു. കാതടപ്പിക്കും മുദ്രാവാക്യം വിളികളും ആരവങ്ങളും അടങ്ങിയ കൊട്ടിക്കലാശം കൃത്യം ആറിന് തന്നെ സമാപിച്ചു. ഇന്ന് വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. പ്രമുഖ വ്യക്തികളെയും വിട്ടുപോയവരെയും കണ്ട് അവസാനവട്ട പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാകും ഇന്ന് സ്ഥാനാർത്ഥികളും അണികളും. ആർക്ക് കുത്തണമെന്ന് ഇനിയും തീരുമാനിക്കാനിരിക്കുന്നവരെ തങ്ങളുടെ ഒപ്പം ചേർക്കാനും അടിയൊഴുക്കുകൾ തടയാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുക. നാളെ രാവിലെ മുതൽ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തും. വോട്ടുകൾ തിരിച്ചറിയാനുള്ള സ്ലിപ്പുകളുടെ വിതരണം ഏതാണ്ട് എല്ലാ വാർഡുകളിലും പൂർത്തിയായിക്കഴിഞ്ഞു.

ചെങ്കടലായി കട്ടപ്പന

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കലാശക്കൊട്ടിൽ അക്ഷരാർത്ഥത്തിൽ കട്ടപ്പന ചെങ്കടലായി മാറി.

ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച അവസാന റോഡ്‌ഷോയിൽ ആയിരങ്ങൾ അണിനിരന്നത്. ഇരുചക്ര വാഹന റാലിയുമായി യുവാക്കൾ അണിനിരന്നു. ജോയ്സ് ജോർജിന്റെ ചിത്രം പതിച്ച ടീ ഷർട്ടുകൾ അണിഞ്ഞും ചെങ്കൊടിയും പ്ലക്കാർഡുകളുമായി നൂറുകണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ ആവേശം നിറച്ചു. നഗരം ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ബാഹുബലി ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിൽ പ്രച്ഛന്നവേഷധാരികളും റോഡ്‌ഷോയിൽ ആവേശമായി. ഒപ്പം പരമ്പരാഗത കർഷകരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അണിനിരന്നു.

ഉച്ചയ്ക്ക് ഇടുക്കി പാർലമെന്റ് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച റാലി ചെറുതോണിയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഫ്ളാഗ്ഒഫ് ചെയ്തു. ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയുടെ പര്യടന വാഹനം തങ്കമണി, ഇരട്ടയാർ വഴി കട്ടപ്പന ഇടുക്കിക്കവലയിലെത്തി. അവിടെ കൂടിയിരുന്ന നൂറ്കണക്കിന് പ്രവർത്തകരുടെ അകമ്പടിയിലായിരുന്നു താളമേളങ്ങൾക്കും നിശ്ചലദൃശ്യങ്ങൾക്കുമൊപ്പം കൊട്ടിക്കലാശറാലി നീങ്ങിയത്.

അങ്ങിങ്ങ് സംഘർഷം

കൊട്ടിക്കലാശത്തിനിടെ തൊടുപുഴ, കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളിൽ നേരിയ സംഘർഷമുണ്ടായി. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടന്ന കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ്. പ്രവർത്തകരും യു.ഡി.എഫുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇരുകൂട്ടർക്കും ഇടയിൽ നിന്നതിനാൽ കൂടുതൽ സംഘർഷമുണ്ടായില്ല. കൊട്ടിക്കലാശത്തിന് ശേഷം ഒരു എൽ.ഡി.എഫ്. പ്രവർത്തകൻ യു.ഡി.എഫിന്റെ പ്രചരണ വാഹനത്തിൽ കയറി മുദ്രാവാക്യം വിളിച്ചു. കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ എൻ.ഡി.എ പ്രവർത്തകർ നിലയുറപ്പിച്ചതിനാൽ സെൻട്രൽ ജങ്ഷനിൽ എത്തിപ്പോൾ പൊലീസ് നഗരം ചുറ്റാൻ ശ്രമിച്ച എൽ.ഡി.എഫ്. പ്രവർത്തകരെ തടഞ്ഞു. എന്നാൽ വാഹനവുമായി മുന്നോട്ടുപോയി പൊലീസ് സ്റ്റേഷൻ പരിസരത്തുകൂടി ചുറ്റിയെത്തി സെൻട്രൽ ജംഗ്ഷനിൽ കൊട്ടിക്കലാശം നടത്താമെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റത്തിനു കാരണമായി.

ചെറുതോണി ടൗണിൽ നടന്ന കൊട്ടിക്കലാശത്തിനിടയിൽ ആരോ എറിഞ്ഞ കൊടികെട്ടിയ ഈറ്റ കമ്പ് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിന് പരിക്കേറ്റു. എ.എസ്.ഐ സന്തോഷ് ബാബുവിന്റെ ഇടത് കണ്ണിനും മൂക്കിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.