തൊടുപുഴ : കൃത്യമായ മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ ഘടന മനസ്സിലാക്കി വിളകൾ പരിപാലിച്ചാൽ ഉല്പാദനക്ഷമത വർദ്ധിക്കുകയും രോഗ കീടങ്ങളുടെ ആധിക്യം കുറയുകയും കൃഷി ചെലവ് ലഘൂകരിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ കർഷകന് ഉയർന്ന വരുമാനവും സമൂഹത്തിന് ഗുണമേന്മയുള്ള കാർഷിക ഉല്പനങ്ങളുടെ ലഭ്യത ഉറപ്പു നല്കാൻ കഴിയുമെന്ന് ' മണ്ണിന്റെ ആരോഗ്യപരിപാലനത്തിലൂടെ അധിക വിളവ് ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച കാഡ്‌സ് സെമിനാർ വിലയിരുത്തി. സെമിനാറിന് റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ വി.കെ സജിമോൾ നേതൃത്വം നല്കി. കാലാവസ്ഥാ വ്യതിയാനം മൂലം മണ്ണിന്റെ ഘടനക്കുണ്ടായ വ്യതിയാനം ചെടികളുടെ വളർച്ചയെയും ഉല്പാദനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ കൃഷിപരിപാലനമുറകൾ സമയബന്ധിതമായി കർഷകരിൽ എത്തിക്കണമെന്ന് സെമിനാറിൽ പങ്കെടുത്ത കർഷകർ അഭിപ്രായപ്പെട്ടു. കർഷകർക്ക് സമയാസമയങ്ങളിൽ കൃത്യമായ അറിവ് നൽകുന്നതിന് കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ ഒരു പ്ലാന്റ് ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. സെമിനാറിന് കാഡ്‌സ് ഡയറക്ടർ വി.പി ജോർജ്, വി.സി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. നാളെ ' ഒരു ലക്ഷം മുടക്കി ഒരു സംരംഭം ആരംഭിക്കാം' സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസമ്മ സാമുവൽ ക്ലാസ് എടുക്കും. ദന്തരോഗ നിവാരണത്തിനുള്ള മെഡിക്കൽ ക്യാമ്പ് തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ രാവിലെ 10 ന് ആരംഭിക്കും.