തൊടുപുഴ: സാങ്കേതിക തകരാർ മൂലം വസ്ത്രവ്യപ്യാര സ്ഥാപനത്തിലെ ലിഫ്‌റ്റിൽ സ്ത്രീകളും പ്രതിശ്രുതവരനുമടക്കം ഒമ്പത് പേർ അരമണിക്കൂറോളം കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ തൊടുപുഴ വെങ്ങല്ലൂർ ജംഗ്ഷനിലെ യു.കെ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് സംഭവം. മൂന്നാം നിലയിൽ നിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്ക് വരുന്നതിനിടെ ഒന്നും രണ്ടും നിലയ്ക്കിടയിലാണ് ലിഫ്‌റ്റ് നിന്ന് പോയത്. നാല് സ്ത്രീകളും സ്ഥാപനത്തിലെ ജീവനക്കാരനുമടക്കം ഒമ്പത് പേരാണ് ലിഫ്‌റ്റിലുണ്ടായിരുന്നത്. ലിഫ്‌റ്റിനുള്ളിലെ ഫാനും നിലച്ചതോടെ ഇരുട്ടിൽ ശ്വാസം മുട്ടുന്ന സ്ഥിതിയായിരുന്നു. തുടർന്ന് ലിഫ്‌റ്റിൽ കുടുങ്ങിയതിൽ ഒരാളാണ് അഗ്നിരക്ഷാസേനയെ വിളിയിച്ചറിയിച്ചത്. അഗ്നിരക്ഷാസേനയെത്തി ഓപ്പറേറ്റിംഗ് ലിവർ ഉപയോഗിച്ച് ആദ്യം തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ലിഫ്‌റ്റ് കീ ഉപയോഗിച്ച് ശ്രമിച്ചെങ്കിലും പൂർണമായി തുറക്കാനായില്ല. തുറന്ന ചെറിയ വിടവിലൂടെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ ലിഫ്‌റ്റിന്റെ ഉള്ളിൽ ഇറങ്ങിയാണ് ആളുകളെ പുറത്തെത്തിച്ചത്. കുടുങ്ങിയതിൽ ഒരാൾക്ക് നെഞ്ച് വേദന അനുഭവപ്പെട്ടത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി. അഗ്നിരക്ഷാസേനാംഗത്തിന്റെ കൈയ്ക്ക് മുറിവുമേറ്റും. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിത്രം പകർത്താനെത്തിയ
മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ചു
ലിഫ്‌റ്റിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷിക്കുന്നതിന്റെ ചിത്രം പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാരെ മർദ്ദിച്ചു. വസ്ത്ര വ്യാപാര സ്ഥാപനമായ യു.കെ സ്റ്റോഴിസിലെ ജീവനക്കാരാണ് ആക്രമണം അഴിച്ചുവിട്ടത്. മാതൃഭൂമി ഫോട്ടോഗ്രാഫർ ശ്രീജിത്ത് പി. രാജ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ ഷിയാസ് ബഷീർ എന്നിവരെ യാതൊരു പ്രകോപനവും കൂടാതെയാണ് സംഘം ആക്രമിച്ചത്. അക്രമി പിന്നിൽ നിന്നെത്തി ക്യാമറ പിടിച്ചെടുക്കാനും ശ്രമിച്ചു. ഫോട്ടോഗ്രാഫർമാർ പ്രതിഷേധിച്ചപ്പോൾ കഴുത്തിനു പിടിക്കുകയും മർദ്ദിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ഇടുക്കി പ്രസ് ക്ലബ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.