തൊടുപുഴ: പതിമൂന്നുകരിയോട് ലൈംഗികാതിക്രമം നടത്തിയ പിതാവിന്റെ സുഹൃത്തിനെ ആറ് വർഷം കഠിന തടവിനും 15,​000 രൂപ പിഴയും ശിക്ഷ. പാറമട സ്വദേശിയായ ഷാജിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസ് ശിക്ഷിച്ചത്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മ ഉപേക്ഷിച്ചു പോയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഷെൽട്ടർ ഹോമിൽ നിന്നായിരുന്നു പഠിച്ചിരുന്നത്. വിഷുക്കാലത്ത് വീട്ടിലെത്തിയ കുട്ടിയോട് വ്യത്യസ്തമായ രണ്ട് ദിവസങ്ങളിൽ പിതാവിന്റെ സുഹൃത്തായ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പിന്നീട് ഷെൽട്ടർ ഹോമിൽ തിരികെയെത്തിയ കുട്ടിയോട് അടുത്ത അവധി ദിനങ്ങളിൽ വീട്ടിൽ പോകുന്നതിനെപ്പറ്റി കൗൺസിലർ സംസാരിച്ചപ്പോഴാണ് പ്രതി നടത്തിയ അതിക്രമങ്ങളെ പറ്റി വെളിപ്പെടുത്തിയത്. കുട്ടിയുടെ പുനരധിവാസത്തിനായി 10,​000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയോട് കോടതി നിർദ്ദേശിച്ചു. കാഞ്ഞാർ പൊലീസ് അന്വേഷിച്ച കേസിൽ പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.