ഇടുക്കി: നെടുങ്കണ്ടത്ത് ഷീബ ദിലീപ് എന്ന വീട്ടമ്മയുടെ മരണം സൗത്ത് ഇന്ത്യൻ ബാങ്ക് ഏതെങ്കിലും അന്യായമായ നടപടികൾ എടുത്തത്തിന്റെ പരിണത ഫലമല്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. മരിച്ച ഷീബ ദിലീപിന് സൗത്ത് ഇന്ത്യൻ ബാങ്കുമായി വായ്പാ ഇടപാടുകളൊന്നും ഇല്ല. നെടുങ്കണ്ടം സ്വദേശി ജോസഫ് ആന്റണിയും മകൻ സാനിയോ ജോസഫും എടുത്ത വായ്പ മുടങ്ങിയതിനെ തുടർന്നുള്ള ജപ്തി നടപടികൾക്കിടയിലാണ് ദൗർഭാഗ്യകരമായ സംഭവം നടന്നത്. സ്ഥലവും വീടും പണയം വച്ച് 2015ൽ 25 ലക്ഷം രൂപ ബാങ്ക് ശാഖയിൽ നിന്നാണ് ഇവർ വായ്പ എടുത്തത്. എന്നാൽ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാൽ കുടിശിക വീണ്ടെടുക്കുന്നതിനായി ബാങ്ക് സർഫാസി/ ഡി.ആർടി നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. വായ്പ നിലനിൽക്കെ 2016ൽ നവജ്യോതി എന്ന സ്ത്രീയ്ക്ക് വിൽക്കുകയും ഇവർ 2017ൽ ഷീബ ദിലീപിന് മറിച്ചു വിൽക്കുകയുമായിരുന്നു. ബാങ്കിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ രണ്ട് വിൽപ്പനകളും നടന്നത്. വസ്തുവും പുരയിടവും റിക്കവറി ചെയ്യാൻ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ച് കമ്മീഷനെ വയ്ക്കുകയും ചെയ്തു. എന്നാൽ കമ്മിഷണർക്ക് റിക്കവറി നടപടികളുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല. തുടർന്ന് ഏപ്രിൽ 19ന് അഡ്വക്കേറ്റ് കമ്മിഷണർ സ്ഥലത്തിന്റെ റിക്കവറി നടപടികൾക്ക് എത്തിയപ്പോഴാണ് നിർഭാഗ്യകരമായ ഈ സംഭവം നടന്നത്. ഇത് ബാങ്കിന്റെ നിയന്ത്രണത്തിന് അതീതമായിരുന്നെന്നും ബാങ്ക് അികൃതർ അറിയിച്ചു.