ഇടുക്കി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പതിനെട്ടാം ലോക്സഭയിലേക്ക് ഇടുക്കിയിൽ നിന്ന് ആര് യാത്രയാകണമെന്ന് മലയോര ജനത ഇന്ന് വിധിയെഴുതും. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ 12,51189 വോട്ടർമാരാണ് വിധി നിർണയിക്കുക. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്ക് പോളിംഗ് ആരംഭിക്കും. ഒരു പോളിംഗ് ബൂത്തിൽ 50 വോട്ടുകളാണ് മോക്ക് പോളിംഗിൽ ചെയ്യുന്നത്. തുടർന്ന് കൺട്രോൾ യൂണിറ്റുകൾ സജ്ജമായ ശേഷം ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. മോക്‌പോളിംഗ് ആരംഭിക്കുന്നത് മുതൽ പോളിംഗ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും. അതത് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും വിതരണകേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി അതത് ബൂത്തുകളിലെത്തിച്ചു. ദേവികുളം മണ്ഡലത്തിൽ മൂന്നാർ ഗവ. വി.എച്ച്.എച്ച്.എച്ച്.എസ്, ഉടുമ്പൻചോല മണ്ഡലത്തിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, തൊടുപുഴ മണ്ഡലത്തിൽ ന്യൂമാൻ കോളേജ് തൊടുപുഴ, ഇടുക്കി മണ്ഡലത്തിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പൈനാവ്, പീരുമേട് മണ്ഡലത്തിൽ പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തത്. ആകെയുള്ള 1315 പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ 6312 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
കൺട്രോൾ
റൂമിൽ വിളിക്കാം
ഇന്ന് കളക്ട്രേറ്റിൽ പ്രത്യേക കൺട്രോൾ റൂം പ്രവൃത്തിക്കും. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങൾക്കുമായി പ്രത്യേകം നമ്പറുകൾ ക്രമീകരിച്ചാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. വോട്ടർമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതത് നമ്പറിൽ വിളിച്ചറിയിക്കാം. മണ്ഡലം, ഫോൺ നമ്പർ യഥാക്രമം: മൂവാറ്റുപുഴ 04862 232500, കോതമംഗലം: 04862 232504, ദേവികുളം: 04862 232513, ഉടുമ്പൻചോല: 04862 232514, തൊടുപുഴ: 04862 232519, ഇടുക്കി: 04862 232520, പീരുമേട്: 0486223252.
ആകെ വോട്ടർമാർ- 12,51189
പുരുഷ വോട്ടർമാർ- 615084
സ്ത്രീ വോട്ടർമാർ- 635064
ഭിന്നലിംഗ വോട്ടർമാർ- 9
18 നും 19 നും ഇടയിലുള്ളവർ- 18748
ആകെ പോളിംഗ് സ്റ്റേഷനുകൾ- 1315
നിങ്ങൾക്ക് വോട്ടുണ്ടോ
നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബൂത്ത് ഏതെന്നും www.ceo.kerala.gov.in, വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവ മുഖേനെ അറിയാം.
മദ്യ ശാലകൾ അടച്ചിടും
ജില്ലയിലെ എല്ലാ മദ്യ വിൽപ്പനശാലകളും ഇന്നും വൈകിട്ട് ആറ് വരെ അടച്ചിടും.