
അടിമാലി: അപകട വളവിന് ഒടുവിൽ 'ശാപമോക്ഷമാകുന്നു. മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ് നിവർത്തൽ പ്രവർത്തനമാണ് ആരംഭിച്ചത്.മാങ്കുളം റോഡിൽ കല്ലാർ മുതൽ ആനക്കുളം വരെയുള്ള ഭാഗത്ത് ഏറ്റവും അപകട സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് പേമരം വളവ്. ഈ വളവിലെ അപകട സാദ്ധ്യത കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണ്ണ് നീക്കി വീതി വർദ്ധിപ്പിച്ച് വളവ് നിവർത്തുന്ന ജോലികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഇതിനോടകം പേമരം വളവിൽ സംഭവിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൊക്കയിൽ പതിക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടതായിരുന്നു ഒടുവിലത്തെ അപകടം.
മാർച്ച് 19 ന് പേമരം വളവിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിക്കുകയും കൈക്കുഞ്ഞടക്കം നാല് പേർ മരിക്കുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു സുരക്ഷക്കായി പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സുരക്ഷ ഉറപ്പാക്കാൻ മതിയാകില്ലെന്നും വളവ് നിവർത്തണമെന്നുമുള്ള ആവശ്യം ശക്തമായത്.
വളവ് വില്ലനായി
ഇറക്കവും കൊടും വളവും നിറഞ്ഞ ഭാഗമാണ് പേമരം വളവ്. മൂന്നാർ ഉപ്പടെയുള്ള പ്രദേശങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾ ഇത്വഴി സഞ്ചരിക്കുമ്പോൾ പലപ്പോഴും റോഡിന്റെ പരിചയക്കുറവ് അപകടം ക്ഷണിച്ച് വരുത്തുമായിരുന്നു. നിരന്തരം അപകടം എന്ന അവസ്ഥ തുടർന്നതോടെയാണ് ഇടപെടൽ ഉണ്ടായത്. വളവിന്റെ ഭാഗത്ത് റോഡിന് വീതികൂട്ടുന്നത് ഒരളവുവരെ അപകടം ഒഴിവാക്കാനാകും.