പീരുമേട്: വാഗമൺ വരയാട്ടുമേട്ടിൽ കൈയേറ്റം നടന്ന സ്ഥലത്ത് റവന്യൂ വകുപ്പ് സ്ഥാപിച്ച ബോർഡ് കാണാനില്ല. കഴിഞ്ഞ 11നാണ് റവന്യൂ വകുപ്പ് ഇവിടെ ബോർഡ് സ്ഥാപിച്ചത്. സ്വകാര്യ വ്യക്തിക്കെതിരെ റവന്യൂ വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. വാഗമൺ വില്ലേജിലെ സർവ്വേ നമ്പർ 185-ാം നമ്പർ ഭൂമിയിലാണ് കൈയേറ്റം നടന്നത്. പ്രദേശവാസിയായ പള്ളിവാതുക്കൽ വീട്ടിൽ തോമസിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെയാണ് സർക്കാർ ഭൂമി എന്ന് സ്ഥാപിച്ച ബോർഡ് കാണാതായത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് വാഗമൺ വില്ലേജ് ഓഫീസർ മാത്യുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വിവരമറിഞ്ഞത്. നഷ്ടപ്പെട്ട വിവരം പൊലീസിന് റിപ്പോർട്ട് ചെയ്തതായും സംഭവത്തിന് പിന്നിൽ ആരാണെന്നറിയില്ലെന്നും റവന്യൂ വകുപ്പ് അറിയിച്ചു. വീണ്ടും ബോർഡ് സ്ഥാപിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.