സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1844 വോട്ടർമാർ. 85 വയസിന് മുകളിൽ പ്രായമുള്ള 10 വോട്ടർമാരും ഇതിലുൾപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും വീട്ടിൽ വോട്ട് ചെയ്ത് കഴിഞ്ഞു. ഇടമലക്കുടി ട്രൈബൽ സ്‌കൂൾ, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാൾ, പറപ്പയാർക്കുടി ഇ.ഡി.സി സെന്റർ എന്നിങ്ങനെ മൂന്നു ബൂത്തുകളാണിവിടെയുള്ളത്. ഇവിടേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾക്കൊപ്പം ആഹാര, താമസ സാധനങ്ങളുമായി ജീവനക്കാർ മൂന്നാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഇന്നലെ യാത്രതിരിച്ചു. ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ സംഘത്തെ യാത്രയാക്കി. ഇടമലക്കുടിയിൽ 516 പുരുഷ വോട്ടർമാരും 525 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 1041 വോട്ടർമാരാണുള്ളത്. 85 വയസിന് മുകളിൽ പ്രായമുള്ള നാല് പേരാണുള്ളത്. മുളകുത്തറക്കുടിയിൽ 261 പുരുഷ വോട്ടർമാരും 246 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 507 വോട്ടർമാരാണുള്ളത്. 85 വയസിന് മുകളിൽ പ്രായമുള്ള നാല് പേരാണുള്ളത്. പറപ്പയാർക്കുടിയിൽ 156 പുരുഷ വോട്ടർമാരും 140 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 296 വോട്ടർമാരാണുള്ളത്. 85 വയസിന് മുകളിൽ പ്രായമുള്ള രണ്ടു പേരാണുള്ളത്.
വോട്ടെടുപ്പ് നില തത്സമയം അറിയാം
വോട്ടർ ടേൺഔട്ട് ആപ്പിൽ
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കുറി വോട്ടെടുപ്പ് നില എത്ര ശതമാനമായെന്ന് അറിയാൻ എളുപ്പമാണ്. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിംഗ് നില അറിയാനാകും. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോൾ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ സെർവറിൽ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. വോട്ടിങ് ശതമാനം സാമൂഹികമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.