ഇടുക്കി: നിശബ്ദ പ്രചാരണ ദിനമായിരുന്നെങ്കിലും ഇന്നലെയും സ്ഥാനാർത്ഥികൾ തിരക്കോട് തിരക്കായിരുന്നു. ചിലരെ നേരിൽ കാണുന്നതിനൊപ്പം മറ്റ് ചിലരെ ഫോണിൽ വിളിച്ചും വോട്ട് ഉറപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് ഇന്നലെ രാവിലെ തങ്കമണിയിൽ കാറ്ററിംഗ് സ്ഥാപനത്തിലെത്തി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് പര്യടന സമയത്ത് എത്താൻ കഴിയാതിരുന്ന ചില സ്ഥലങ്ങളിൽ ഓടിയെത്തി. തിരികെയെത്തി മുഴുവൻ സമയം കഴിയുന്നത്ര വോട്ടർമാരെ ടെലഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. നേതാക്കളും പ്രവർത്തകരുമായും വോട്ടെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും ചർച്ച നടത്തി. എൽ.ഡി.എഫിന് പിന്തുണ നൽകുന്ന വിവിധ സംഘടനാ നേതാക്കളുമായും ടെലഫോണിലൂടെ ആശയ വിനിമയം നടത്തി. രാത്രി വൈകി സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.
തിരഞ്ഞെടുപ്പ് ദിവസത്തെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പ്രധാനമായും സമയം ചെലവഴിച്ചത്. യു.ഡി.എഫ് നേതാക്കളുമായി സംസാരിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. പരമാവധി വ്യക്തികളെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും പിന്തുണ ഉറപ്പിക്കാൻ ഡീൻ ശ്രമിച്ചു. തൊടുപുഴയിൽ ആതുരാലയങ്ങളും സ്ഥാപനങ്ങളും ഇതിനിടയിൽ സന്ദർശിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥനും ഇന്നലെ തിരക്കിട്ട ദിവസമായിരുന്നു. രാവിലെ തൊടുപുഴ ബാർ അസോസിയേഷനിൽ സംഗീത സന്ദർശനം നടത്തി. തുടർന്ന് കട്ടപ്പന, കുമളി മേഖലകളിൽ വിവിധ വ്യക്തികളെ നേരിൽ കണ്ടു വോട്ട് ഉറപ്പിച്ചു.