തൊടുപുഴ: ഒരു മാസം നീണ്ട ശബ്ദ കോലാഹല പ്രചാരണങ്ങൾക്കൊടുവിൽ ജനം ഇന്ന് ബൂത്തിലെത്തുമ്പോൾ കാറ്റ് തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്ന് മുന്നണികളും ഒരു പോലെ അവകാശപ്പെടുമ്പോഴും ഒരാൾക്ക് പോലും മുൻതൂക്കം പ്രവചിക്കാനാവാത്തവിധം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇടുക്കിയിൽ. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ ഒന്നിനൊന്ന് മെച്ചമായാണ് മുന്നേറുന്നത്. മുൻ എം.പി ജോയ്സ് ജോർജ്ജിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച് ഇടതുമുന്നണി വളരെ നേരത്തെ പ്രചരണം ആരംഭിച്ചിരുന്നു. പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച നിലവിലെ എം.പി ഡീൻ കുര്യാക്കോസ് തുടക്കംമുതൽ താഴേക്കിടയിൽ പ്രവർത്തിച്ച് മണ്ഡലം നിലനിറുത്തുമെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. പ്രഖ്യാപനം വൈകിയെങ്കിലും സംഗീത വിശ്വനാഥൻ മത്സരരംഗത്തെത്തിയതോടെ എൻ.ഡി.എയും അതിവേഗം പ്രചരണത്തിൽ ഇരുമുന്നണികൾക്കുമൊപ്പമെത്തുന്ന കാഴ്ചയാണ് കണ്ടത്. ജോയ്സും ഡീനും തുടർച്ചയായ മൂന്നാം വട്ടം ഏറ്റുമുട്ടുന്നതിനാൽ വാശിയ്‌ക്കൊട്ടും കുറവില്ല. കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും വിജയം ആവർത്തിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഡീൻ. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സി.പി.എം പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് ജോയ്സ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മത്സരിച്ച പരിചയസമ്പത്തുമായാണ് സംഗീത കളത്തിലിറങ്ങിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും ലഭിച്ച മേൽക്കൈ ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കേരള കോൺഗ്രസ് മാണി വിഭാഗം ഇടത്തോട്ട് ചാഞ്ഞ ശേഷമുള്ള തിരഞ്ഞെടുപ്പിൽ മന്ത്രി റോഷിയുടെ മണ്ഡലത്തിലെ പിന്തുണയടക്കം അനുകൂല ഘടകമായി എൽ.ഡി.എഫ് കരുതുന്നു. കേരള കോൺഗ്രസിന് (എം) 25000- 30000 വോട്ട് മണ്ഡലത്തിലുണ്ടെന്നാണ് ഇടതു കണക്കുക്കൂട്ടൽ. നിയമസഭാ തിരഞ്ഞെടുപ്പിലെപ്പോലെ മാണി വിഭാഗത്തിന്റെ വോട്ട് പരമാവധി പെട്ടിയിലായാൽ വിജയം സുനിശ്ചിതമാണെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. പി.ജെ. ജോസഫിനാകട്ടെ ജോസ് പക്ഷം മുന്നണി മാറിയത് ഇടുക്കിയിൽ ഏശിയിട്ടില്ല എന്ന് തെളിയിക്കേണ്ടത് വെല്ലുവിളിയാണ്. അതിനാൽ തന്നെ രണ്ട് കേരള കോൺഗ്രസുകൾക്കും ഇത് അഭിമാനപോരാട്ടമാണ്. ഗവർണർ ഒപ്പിട്ടില്ലെങ്കിലും നിർമ്മാണ നിരോധനം മറികടക്കാൻ ഭൂപതിവ് നിയമം പാസാക്കിയത് ഇടതുപക്ഷത്തിന് ഗുണം ചെയ്യും. ഈഴവർ കൂടുതലുള്ള മണ്ഡലമെന്ന നിലയിൽ ബി.ഡി.ജെ.എസ് പ്രധാന ശക്തിയാണ്. ബി.ജെ.പിയിലൂടെ മറ്റ് ഹിന്ദു വോട്ടുകൾ കൂടി സമാഹരിക്കാനായാൽ മെച്ചപ്പെട്ട പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്നാണ് സംഗീതയുടെ പ്രതീക്ഷ.
ഏറ്റവും വലിയ മണ്ഡലം
ഇടുക്കി ലോക്സഭാ മണ്ഡലം, ജില്ലാ അതിർത്തിയും കടന്ന് എറണാകുളത്തിന്റെ രണ്ട് നിയമസഭാ മണ്ഡലങ്ങൾ കൂടി ചേരുന്നതാണ്. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട്, തൊടുപുഴ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. ഈ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എൽ.ഡി.എഫിന്റെ കൈയിലാണ്. തൊടുപുഴും മൂവാറ്റുപുഴയും മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. എന്നാൽ നിയമസഭാ മണ്ഡലകളിൽ എൽ.ഡി.എഫിനുള്ള ഈ മേൽക്കൈ ലോക്സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോയെന്നതാണ് ചോദ്യം.
എല്ലാ വിഷയങ്ങളും ചർച്ചയായി
സങ്കീർണമായ ഭൂപ്രശ്നങ്ങളും അവസാനിക്കാത്ത മനുഷ്യ വന്യജീവി സംഘർഷങ്ങളും കാർഷിക മേഖലയിലെ വില തകർച്ചയുമടക്കം എല്ലാ പ്രധാന വിഷയങ്ങളും മണ്ഡലത്തിൽ ചർച്ചയായി. എം.പി ഫണ്ട് പൂർണമായും വിനിയോഗിച്ചില്ലെന്നത് സംബന്ധിച്ച് ഇരുമുന്നണികൾ തമ്മിലുള്ള തർക്കം തിരഞ്ഞെടുപ്പിന് തലേന്ന് വരെ നീണ്ടു. സാമുദായിക സമവാക്യങ്ങൾ നിർണായകമായ മണ്ഡലം കൂടിയാണ് ഇടുക്കി. ഹൈറേഞ്ച് സംരക്ഷണ സമിതി അപ്രസക്തമായെങ്കിലും കത്തോലിക്കാ സഭയുടെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും രാഷ്ട്രീയ തീരുമാനം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണായകമാകും.
കേരളത്തിലെ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഇടുക്കി. സ്ഥാനാർത്ഥി നിർണയത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ഇക്കാര്യം പരിഗണിക്കാറുണ്ട്. വിവാദ സിനിമ 'ദ കേരള സ്റ്റോറി' ഇടുക്കി രൂപത പ്രദർശിപ്പിച്ചതടക്കം വോട്ടർമാരിൽ സ്വാധീനമുണ്ടാക്കുമെന്ന് തീർച്ചയാണ്.