തൊടുപുഴ: കർഷകർ, തോട്ടം തൊഴിലാളികൾ, തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾ എന്നിവരുടെ സംസ്‌കാരവും സ്വാധീനവും പേറുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. 1977ലാണ് ഈ മണ്ഡലം രൂപീകൃതമായത്. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.എം സ്റ്റീഫൻ ഇടത് സ്ഥാനാർത്ഥി എൻ.എം ജോസഫിനെ 79,357 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1980ൽ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. സി.പി.എം നേതാവ് എം.എം ലോറൻസ് കേരളാ കോൺഗ്രസിലെ ടി.എസ്. ജോണിനെ 7,033 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1984ൽ പ്രൊഫ. പി.ജെ കുര്യനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. സി.പി.ഐ നേതാവ് സി.എ. കുര്യനെ 1,30,624 വോട്ടിനാണ് തോൽപ്പിച്ചത്.
1989ൽ കോൺഗ്രസ് (ഐ) സ്ഥാനാർത്ഥി പാലാ കെ.എം മാത്യു 91,479 വോട്ടിന് സി.പി.എമ്മിലെ എം.സി ജോസഫൈനെ പരാജയപ്പെടുത്തി. 1991ലും പാലാ കെ.എം മാത്യു വിജയം ആവർത്തിച്ചു. പി.ജെ. ജോസഫിനെയായിരുന്നു പരാജയപ്പെടുത്തിയത്. 1996ൽ കോൺഗ്രസിലെ എ.സി ജോസ് ഇടതുപക്ഷത്തിന്റെ ബാനറിൽ കന്നിയങ്കത്തിനിറങ്ങിയ കെ. ഫ്രാൻസിസ് ജോർജിനെ 30,140 വോട്ടിന് പരാജയപ്പെടുത്തി. 1998ലും മത്സരിച്ച ഫ്രാൻസിസ് ജോർജ് 6,350 വോട്ടുകളുടെ വ്യത്യാസത്തിൽ പി.സി ചാക്കോയോട് പരാജയം സമ്മതിച്ചു. എങ്കിലും ഇതൊരു രാഷ്ട്രീയ വിജയമായാണ് ഇടതുപക്ഷം വിലയിരുത്തിയത്. എതിരാളിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ചതായിരുന്നു നേട്ടമെന്ന് പറയാൻ അവർ കണ്ടെത്തിയ കാരണം. അത് സത്യമാകുന്നതായിരുന്നു അടുത്ത തിരഞ്ഞെടുപ്പ്.
1999ൽ യു.ഡി.എഫ് കോട്ട തകർത്ത് പി.ജെ കുര്യനെ പരാജയപ്പെടുത്തി ഫ്രാൻസിസ് ജോർജ് വിജയിച്ചു. 2004ൽ ബെന്നി ബഹന്നാനെ 69,384ന് പരാജയപ്പെടുത്തി ഫ്രാൻസിസ് ജോർജ്ജ് വിജയം ആവർത്തിച്ചു. 2009ൽ 74,796 വോട്ടുകൾക്ക് ഫ്രാൻസിസ് ജോർജിനെ തറപറ്റിച്ച് പി.ടി. തോമസിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2014ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിൽ മത്സരിച്ച ജോയ്സ് ജോർജ് 50,400 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടുക്കി മണ്ഡലം ഇടതുപാളയത്തിലെത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെയാണ് ജോയ്സ് ജോർജ് പരാജയപ്പെടുത്തിയത്. 2019ൽ ഡീൻ കുര്യാക്കോസ് മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിച്ചാണ് ജോയ്സ് ജോർജ്ജിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്. 1,71,053 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഡീൻ നേടിയത്.