തൊടുപുഴ: പുലിപ്പേടിയ്ക്കിടയിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ മറക്കാതെ ഇല്ലിചാരി നിവാസികൾ. ആശങ്കയ്ക്കിടയിലും 73.55 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ, ഭയം കാരണം പകൽസമയത്തു പോലും വാതിലുകൾ അടച്ചിട്ട് വീടിനുള്ളിൽ തന്നെ കഴിയുകയാണ് മിക്ക കുടുംബങ്ങളും. ജോലിക്കും മറ്റും പോകുന്നവർ പരമാവധി നേരം ഇരുട്ടും മുമ്പ് തന്നെ വീടുകളിൽ എത്തിച്ചേരാൻ ശ്രമിക്കും. പുലിയെ പേടിച്ച് റബർ ടാപ്പിംഗ് ഉപേക്ഷിച്ചവരുമുണ്ട്. ആട്, നായ ഉൾപ്പെടെ ഇരുപതിലധികം വളർത്തു മൃഗങ്ങളെയാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ പുലി കൊന്നുതിന്നത്. വനംവകുപ്പിന്റെ നിരീക്ഷണക്യാമറയിൽ കഴിഞ്ഞ 16ന് പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ആദ്യം ഇരയായി വച്ചിരുന്ന ചത്ത കോഴി അഴുകിയതിനെത്തുടർന്ന്, കഴിഞ്ഞദിവസം ഇതിനെ മാറ്റി മറ്റൊന്നിനെ വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം എന്താകും എന്നതിനെക്കാൾ, പുലി എന്നു കൂട്ടിലാകും എന്നറിയാനാണ് ഇല്ലിചാരി നിവാസികൾക്ക് ആകാംക്ഷ.