തൊടുപുഴ: ബൈക്കിൽ സ്റ്റൈലിലെത്തി വോട്ട് ചെയ്ത് മടങ്ങി നടന്മാരായ ആസിഫ് അലിയും അനിയൻ അഷ്‌കർ അലിയും. രാവിലെ 11.30ന് കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂളിലായിരുന്നു ഇരുവരും വോട്ട് ചെയ്യാനെത്തിയത്. 15 മിനിട്ടോളം ക്യൂ നിന്നാണ് ഇരുവരും വോട്ട് ചെയ്തത്. നടൻ ജാഫർ ഇടുക്കി അമയപ്ര ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. നടൻ നിഷാന്ത് സാഗർ തൊടുപുഴ ഗവ. വി.എച്ച്.എസ്.എസിലും വോട്ട് ചെയ്തു.
വോട്ട് മികച്ച രാഷ്ട്രീയ
അവസ്ഥയുണ്ടാകണം: ആസിഫ് അലി
രാജ്യത്ത് മികച്ച ഒരു രാഷ്ട്രീയ അവസ്ഥ ഉണ്ടാകണമെന്നാണ് എല്ലാവരെയും പോലെ തന്റെയും ആഗ്രഹമെന്ന് നടൻ ആസിഫ് അലി. പലസമയത്തും പലരീതിയിലുള്ള അതൃപ്തി ഉണ്ടായിട്ടുണ്ട്. ഇനി അതുണ്ടാവാതിരിക്കണം. സമ്മതിദാന അവകാശം നിർവഹിക്കുകയെന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. അത് ചെയ്യാതെ മാറിനിന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ഭാഗം കൃത്യമായി ചെയ്തതിന് ശേഷം മാത്രമേ അതൃപ്തി പ്രകടിപ്പിക്കുകയോ പ്രശംസിക്കാനോ പാടുള്ളു. കാലാവസ്ഥയൊന്നും വോട്ട് ചെയ്യാതിരിക്കാൻ കാരണമാകരുതെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരായ സുരേഷ് ഗോപി, കൃഷ്ണകുമാർ, മുകേഷ് എന്നിവർ മത്സരിക്കുന്നുണ്ട്, ആര് ജയിക്കണമെന്ന ചോദ്യത്തിന് രാഷ്ട്രീയങ്ങൾ തമ്മിലുള്ള വ്യത്യാസം പറയാൻ ആഗ്രഹിക്കുന്നില്ല. ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്ന രീതിയിൽ ഉള്ളൊരു വിജയമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും വിജയാശംസകൾ നേർന്നിട്ടുണ്ട്. ജനം തീരുമാനിക്കട്ടേയെന്നുമായിരുന്നു ആസിഫിന്റെ മറുപടി.